കോൺഗ്രസിൽ തർക്കം രൂക്ഷം
ആര്യാടൻ ഷൗക്കത്തിന്റെ ബന്ധുവിനെ ഗവ. പ്ലീഡറാക്കാൻ നീക്കം

വി കെ ഷാനവാസ്
Published on Aug 18, 2026, 12:23 AM | 1 min read
എടക്കര
ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ ബന്ധുവിനെ മലപ്പുറം ജില്ലയിൽ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആൻഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷം. ആര്യാടൻ മുഹമ്മദിന്റെ സഹോദരന്റെ മകൻ ആര്യാടൻ ആസാദിനെ നിയമിക്കുന്നതിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയിലും ലോയേഴ്‌സ് കോൺഗ്രസിലും കടുത്ത എതിർപ്പാണുയരുന്നത്. തർക്കം രൂക്ഷമായതോടെ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്കുവിട്ടു.
മലപ്പുറം ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആൻഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളില്‍ പാനല്‍ തയ്യാറാക്കാൻ അഭിഭാഷകരില്‍നിന്ന് കലക്ടർ അപേക്ഷ ക്ഷണിച്ചിരുന്നു.
ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും 60 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കായിരുന്നു അവസരം. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ആസാദിനായി ഷൗക്കത്ത് സമ്മർദം ശക്തമാക്കി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദിന്റെ ശുപാർശയിൽ ആസാദ് പ്ലീഡറായിട്ടുണ്ട്.
ഷൗക്കത്ത് ചെയർമാനായ നിലന്പൂർ അർബൻ സഹകരണ ബാങ്കിൽ ഉൾപ്പെടെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള നിരവധി ബാങ്കുകളുടെ ലീഗൽ അഡ്വൈസറാണ് പബ്ലിക് നോട്ടറിയായ ആസാദ്. എല്ലാ പദവികളും ഒരാൾക്കുതന്നെ നൽകുന്നതിൽ കടുത്ത എതിർപ്പാണുയരുന്നത്.
ആസാദിനെ പരിഗണനാ പട്ടികയിൽപോലും ഉൾപ്പെടുത്തേണ്ടതില്ലെന്നതാണ് ലോയേഴ്‌സ് കോൺഗ്രസിന്റെ നിലപാട്. മുമ്പ് പ്ലീഡറായപ്പോൾ ഇദ്ദേഹം ലോയേഴ്‌സ് കോൺഗ്രസുമായി സഹകരിച്ചിട്ടില്ലെന്നാണ് ആഷേപം. ആര്യാടൻ മുഹമ്മദിന്റെ ബന്ധുബലത്തിലാണ് പ്രവർത്തിക്കാറ്.
ഇത്തവണ ഷൗക്കത്തിന്റെ ബലത്തിൽ നിയമനം നേടാനാണ് നീക്കം. ആസാദിന് പകരം അഡ്വ. ശിവദാസിനെ പരിഗണിക്കണമെന്നാണ് ലോയേഴ്‌സ് കോൺഗ്രസിന്റെ ആവശ്യം. ഷൗക്കത്ത് വിരുദ്ധ വിഭാഗവും ഇവർക്കൊപ്പമുണ്ട്. ആസാദിനെ നിയമിക്കുന്നതിൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും കടുത്ത എതിർപ്പുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്കുവിട്ട് അദ്ദേഹം തടിയൂരുകയായിരുന്നു.









0 comments