കോട്ടപ്പടി മാർക്കറ്റ് സമുച്ചയം
കെടുകാര്യസ്ഥതയുടെ സ്മാരകം

കോട്ടപ്പടി മാർക്കറ്റ് സമുച്ചയത്തിലെ വെള്ളക്കെട്ട്

സ്വന്തം ലേഖകൻ
Published on Aug 10, 2026, 12:30 AM | 1 min read
മലപ്പുറം
പന്ത്രണ്ട് കോടി രൂപ ചെലവഴിച്ച് മലപ്പുറം നഗരസഭ നിർമിച്ച കോട്ടപ്പടി പുതിയ മാർക്കറ്റ് സമുച്ചയം കെടുകാര്യസ്ഥതയുടെ സ്മാരകമായി മാറി. അഞ്ച് വർഷത്തിലേറെ നീണ്ട നിർമാണത്തിനൊടുവിൽ കെട്ടിടം പൂർത്തിയായെങ്കിലും വ്യാപാരികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴപെയ്താൽ കെട്ടിടത്തിനുള്ളിൽ ആൾപ്പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സമുച്ചയത്തെ ഉപയോഗശൂന്യമാക്കി.
2021 ജനുവരിയിലാണ് സമുച്ചയത്തിന് കല്ലിട്ടത്. നിർമാണം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴാണ് ഡിപിആറിൽ ഗുരുതര പിഴവുണ്ടെന്ന് കണ്ടെത്തിയത്. കെട്ടിടത്തിന്റെ രണ്ട് പ്രധാന കോൺക്രീറ്റ് തൂണുകൾ പൊളിക്കേണ്ട ആവശ്യമില്ലാത്ത രണ്ട് കടകളുടെ അകത്തുകൂടിയാണ് പ്ലാനിൽ ഉൾപ്പെടുത്തിയത്. ഏകദേശം 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിപിആർ തയ്യാറാക്കിയത്. എന്നിട്ടും അന്നത്തെ മുനിസിപ്പൽ എൻജിനിയർ പദ്ധതി പരിശോധിച്ച് ഓരോ പേജിലും അംഗീകാരം രേഖപ്പെടുത്തി.
പിഴവ് പരിഹരിക്കാൻ അന്നത്തെ ഭരണസമിതിയും കരാറുകാരനും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ആദ്യ കരാറുകാരൻ പിന്മാറി. അതിനുശേഷവും പരിഹാരം കണ്ടെത്താൻ നഗരസഭാ നേതൃത്വം ശ്രമിച്ചെങ്കിലും വർഷങ്ങൾ കടന്നുപോയി. പുതിയ കരാറിലൂടെ നിർമാണം പൂർത്തിയാക്കിയപ്പോഴേക്കും അഞ്ച് വർഷം പിന്നിട്ടിരുന്നു.
നിർമാണം ഭാഗികമായി പൂർത്തിയായിട്ടും മാർക്കറ്റ് സമുച്ചയത്തിലേക്ക് വ്യാപാരികൾ മാറാൻ തയ്യാറായിട്ടില്ല. കടകളുടെ ക്രമീകരണത്തിലെ പോരായ്മകൾക്കൊപ്പം മഴക്കാലത്ത് കെട്ടിടത്തിനുള്ളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് പ്രധാന പ്രശ്നം. സമുച്ചയത്തിന് ചുറ്റും നിർബന്ധമായും പാർക്കിങ്ങിനായി സ്ഥലം ഒഴിവാക്കേണ്ടതിനാൽ ഡ്രെയിനേജ് ഒരുക്കുക പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. കോടിക്കണക്കിന് രൂപയുടെ പൊതുപണം ഫലപ്രദമായി വിനിയോഗിക്കപ്പെടാതെ പോയെന്നാണ് ആക്ഷേപം.










0 comments