നൂറോളം വീട്ടുകാർ വഴിയില്ലാതെ കുടുങ്ങി
മുന്നറിയിപ്പില്ലാതെ തിരൂർ ഗുഡ്സ് ഷെഡ് റോഡ് റെയിൽവേ അടച്ചു

മുന്നറിയിപ്പില്ലാതെ റെയിൽവേ അടച്ച ഗുഡ്സ് ഷെഡ് റോഡ്
തിരൂർ
തിരൂർ ഗുഡ്സ്‌ഷെഡ് റോഡ് മുന്നറിയിപ്പില്ലാതെ റെയിൽവേ അടച്ചതോടെ നൂറോളം വീട്ടുകാർ വഴിയില്ലാതെ കുടുങ്ങി. ശനിയാഴ്ച വൈകിട്ടോടെയാണ് റെയിൽവേ സ്റ്റേഷന് കിഴക്കുവശത്തെ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ഗുഡ്സ് ഷെഡ് റോഡ് നാട്ടുകാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ റെയിൽവേ അധികൃതർ അടച്ചുപൂട്ടിയത്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പേരിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ഈ റോഡിൽ അനധികൃത പാർക്കിങ് നടത്തിയാൽ ശിക്ഷാർഹമെന്ന് കാണിച്ച് ബോർഡ് വയ്ക്കുകയും ചെയ്തു. പാർക്കിങ്ങിന് സൗകര്യമൊരുക്കാനെന്നാണ് അധികൃതരുടെ വിശദീകരണം.
ബാരിക്കേഡ് സ്ഥാപിച്ചതോടെ നിരവധി കുടുംബങ്ങൾക്ക് നഗരത്തിലേക്കുള്ള വഴി അടഞ്ഞു. നൂറോളം വീട്ടുകാരും ഹോട്ടൽ, ഗോഡൗൺ, നിരവധി സ്ഥാപനങ്ങളും ആശ്രയിക്കുന്ന വഴിയാണിത്. ഇരുചക്രവാഹനങ്ങൾക്ക് പേ പാർക്കിങ്ങിനായാണ് റോഡ് ഉപയോഗപ്പെടുത്തുന്നത്.
സാമ്പത്തിക ലാഭം മാത്രം ലക്ഷ്യംവച്ച് നാട്ടുകാരെ ദുരിതത്തിലാക്കുന്ന റെയിൽവേക്കെതിരെ നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വിഷയത്തിൽ സ്ഥലം എംപിയോ എംഎൽഎയോ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.









0 comments