കലിക്കറ്റ് സർവകലാശാല
അധ്യാപകർക്ക് പഞ്ചിങ് ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകന്‍.....
Published on Aug 20, 2026, 12:29 AM | 1 min read
തേഞ്ഞിപ്പലം
പഠനവിഭാഗത്തിലെ അധ്യാപകർക്കും പഞ്ചിങ് സംവിധാനംകൊണ്ടുവരാൻ കലിക്കറ്റ് സർവകലാശാല. സർവകലാശാലയിലെ അധ്യാപകരുടെ ജോലി പരമ്പരാഗത ജോലികളിൽനിന്ന് വ്യത്യസ്തമാണെന്നിരിക്കെയാണ് നീക്കം. അധ്യാപനം, ഗവേഷണം, വിദ്യാർഥി മാർഗനിർദേശം, ഗവേഷണ മേൽനോട്ടം തുടങ്ങിയ അക്കാദമിക് പ്രവർത്തനങ്ങൾ നിശ്ചിത ഓഫീസ് സമയത്തിനുള്ളിൽമാത്രം പരിമിതപ്പെടുത്താനാകില്ലെന്നറിയുന്ന വൈസ് ചാൻസലറും രജിസ്ട്രാറുമാണ് നീക്കത്തിനുപിന്നിൽ.
ക്ലാസെടുക്കുന്നതിന് പുറമെ പഠനസാമഗ്രികൾ തയ്യാറാക്കൽ, പാഠ്യപദ്ധതി വികസനം, വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകൽ, ഗവേഷണ മേൽനോട്ടം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ലബോറട്ടറി- ഫീൽഡ് പ്രവർത്തനങ്ങൾ, പരീക്ഷാ ചുമതലകൾ, മൂല്യനിർണയം, വൈവ, സെമിനാറുകൾ, കോൺഫറൻസുകൾ, കൺസൾട്ടൻസി, അക്കാദമിക് -സ്റ്റാറ്റ്യൂട്ടറി കമ്മിറ്റികളുടെ പ്രവർത്തനം തുടങ്ങിയ നിരവധി ചുമതലകൾ അധ്യാപകർ നിർവഹിക്കുന്നുണ്ട്. ഇവയിൽ പലതും സാധാരണ പ്രവൃത്തിസമയത്തിനുമുമ്പും ശേഷവും, വാരാന്ത്യങ്ങളിലും ക്യാമ്പസിന് പുറത്തും നടത്തേണ്ടതാണ്. ഗവേഷണ പരീക്ഷണങ്ങൾ, വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചകൾ, പ്രോജക്ട് പ്രവർത്തനങ്ങൾ, ഫീൽഡ് പഠനങ്ങൾ, അക്കാദമിക് സഹകരണങ്ങൾ തുടങ്ങിയവ നിശ്ചിത സമയക്രമത്തിൽമാത്രം പൂർത്തിയാക്കാനുമാകില്ല.
അധ്യാപകരുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് അധ്യാപനഭാരം, കോഴ്സ് പൂർത്തീകരണം, ഗവേഷണ മേൽനോട്ടം, പ്രസിദ്ധീകരണങ്ങൾ, പ്രോജക്ടുകൾ, വിദ്യാർഥി മാർഗനിർദേശം, പരീക്ഷാ ചുമതലകൾ, വാർഷിക വിലയിരുത്തൽ, കരിയർ അഡ്വാൻസ്‌മെന്റ് സ്കീം, വിവിധ അക്കാദമിക്- സ്റ്റാറ്റ്യൂട്ടറി കമ്മിറ്റികളിലെ പങ്കാളിത്തം തുടങ്ങിയ നിരവധി സംവിധാനങ്ങൾ നിലവിലുണ്ട്. അതിനാൽ ഹാജർ പഞ്ചിങ് മാത്രം അധ്യാപകന്റെ പ്രവർത്തനക്ഷമതയുടെ മാനദണ്ഡമായി കാണേണ്ടതില്ലെന്ന അഭിപ്രായമാണുയരുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അധ്യാപകർക്ക് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഏത് സമയത്തും ആറ് മണിക്കൂർ ഹാജർ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലുള്ള സംവിധാനം നിലവിലുണ്ട്. സമാനമായ സംവിധാനം കലിക്കറ്റ് സർവകലാശാലയിലും പരിഗണിക്കാവുന്നതാണെന്ന് സിൻഡിക്കറ്റംഗം പ്രൊഫ. കെ മുഹമ്മദ് ഹനീഫ പറഞ്ഞു. അധ്യാപകർക്ക് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഏത് സമയത്തും ഏഴ് മണിക്കൂർ ഹാജർ പൂർത്തിയാക്കാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യമായി ഉയരുന്നത്.
അധ്യാപകരുടെ അക്കാദമിക് പ്രവർത്തനങ്ങളുടെ സവിശേഷ സ്വഭാവം പരിഗണിച്ച് ഹാജർ പഞ്ചിങ് സംവിധാനം പുനഃപരിശോധിച്ച് കൂടുതൽ സൗകര്യപ്രദമായ സംവിധാനം ഏർപ്പെടുത്തണമെന്ന് സിൻഡിക്കറ്റംഗം പ്രൊഫ. കെ മുഹമ്മദ് ഹനീഫ രജിസ്ട്രാർ ഡോ. സി ഡി സെബാസ്റ്റ്യന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.










0 comments