കലിക്കറ്റ് ഹോണററി ഡോക്ടേഴ്സ് ബിരുദം
വിസിയുടെ നടപടിയിൽ സെനറ്റ് അംഗങ്ങൾക്ക് കടുത്ത അമർഷം

തേഞ്ഞിപ്പലം
ഹോണററി ഡോക്ടേഴ്സ് ബിരുദം നൽകുംമുമ്പ് സെനറ്റ് യോഗം വിളിക്കാത്ത കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറുടെ നടപടി വിവാദമാകുന്നു. ചാൻസലറിൽനിന്ന് മാത്രം അനുമതി വാങ്ങി സെനറ്റിനെ അപ്രസക്തമാക്കുന്നതിലാണ് അംഗങ്ങൾക്ക് കടുത്ത അതൃപ്തിയുള്ളത്. മൂന്ന് സെനറ്റംഗങ്ങൾ ഇതിനകംതന്നെ യോഗം വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകിയിട്ടുണ്ട്. ഡോ. എലുവത്തിങ്കൽ ഡി ജെമ്മിസ്, പി കെ അഹമ്മദ്, സത്യൻ അന്തിക്കാട് എന്നിവർക്കാണ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിക്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചത്.
സിൻഡിക്കറ്റിന്റെ ശുപാർശ യോഗത്തിൽ ഹാജരായ അംഗങ്ങളിൽ കുറഞ്ഞത് മൂന്നിൽ രണ്ടുപേരുടെ പിന്തുണയോടെ സെനറ്റ് അംഗീകരിക്കണം. സ്റ്റാറ്റ്യൂട്ടിൽ വ്യക്തമായുള്ള ഈ വ്യവസ്ഥയാണ് പരസ്യമായി സർവകലാശാലാ അധികൃതർ ലംഘിക്കുന്നത്. പ്രത്യേക സാഹചര്യങ്ങളിൽമാത്രം സിൻഡിക്കറ്റിന്റെ ശുപാർശയിൽ ചാൻസലർക്ക് ഹോണററി ബിരുദം നൽകാൻ അധികാരമുണ്ട്. സെനറ്റ് യോഗം വിളിച്ച് അംഗീകാരം നേടാൻ സമയമുണ്ടായിരിക്കെ ‘പ്രത്യേക സാഹചര്യം' എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.
ഹോണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കുന്നവരെപോലും സർവകലാശാല വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഹോണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നവരിൽ ഒരാളായ ഡോ. എലുവത്തിങ്കൽ ഡി ജെമ്മിസ് ഡോ. പി രവീന്ദ്രനെ വൈസ് ചാൻസലറായി തെരഞ്ഞെടുക്കാനുണ്ടാക്കിയ സെലക്ഷൻ കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയായിരുന്നു. ഹൈക്കോടതി ഇടപെട്ടാണ് ഇദ്ദേഹത്തെ മാറ്റിയത്. ഒക്ടോബർ ആറിനാണ് ചാൻസലർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ബിരുദദാനം നടത്തുന്നത്.










0 comments