മിണ്ടാതെ സർക്കാർ; പ്രതിരോധമുയർത്തി സിപിഐ എം
ഇഎസ്‌എ കരട് വിജ്ഞാപനം: പരാതി ഇന്നുകൂടി


സ്വന്തം ലേഖകൻ
Published on Sep 25, 2026, 01:32 AM | 1 min read
എടക്കര
പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം ഏഴാം കരട് വിജ്ഞാപനത്തിൽ പരാതി നൽകാനുള്ള കാലാവധി വെള്ളിയാഴ്‌ച അവസാനിക്കും. അമരമ്പലം, അകമ്പാടം, ചുങ്കത്തറ, വഴിക്കടവ്, കരുളായി, കുറുമ്പലങ്ങോട്, ചോക്കാട്, കാളികാവ്, പോത്തുകല്ല്, കരുവാരക്കുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളാണ് ജില്ലയിൽ പട്ടികയിലുള്ളത്. ജനങ്ങളുടെ ജീവിതത്തിന് ആശങ്കയായ വിജ്ഞാപനത്തിൽ സംസ്ഥാന സർക്കാർ ഒരക്ഷരം മിണ്ടാതിരുന്നപ്പോൾ ശക്തമായ പ്രതിഷേധമുയർത്തിയത് ഇടതുപക്ഷംമാത്രം.
സിപിഐ എം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എടക്കര, ചന്തക്കുന്ന്, കരുവാരക്കുണ്ട് പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിജ്ഞാപനത്തിൽ ഉൾപ്പെട്ട 11 വില്ലേജിലും ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും ധർണകൾ നടത്തി. പരാതി നൽകാൻ ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചു. കേരള കർഷക സംഘം ജില്ലാ കമ്മിറ്റി നിലമ്പൂർ താലൂക്ക് ഓഫീസ് മാർച്ച് നടത്തി. എല്ലാ വില്ലേജിലും ജില്ലാ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.
കേരള കർഷക സംഘം നൽകിയ നിവേദനം അജന്‍ഡയിൽ ഉൾപ്പെടുത്തി വഴിക്കടവ് പഞ്ചായത്ത് ബോർഡിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. എടക്കര പഞ്ചായത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രമേയവും ഐകകണ്ഠ്യേന പാസാക്കി.
എന്നാൽ സംസ്ഥാന സർക്കാർ മലയോര കർഷകരെ വഞ്ചിച്ചു. മലയോര ജനതയെ കുടിയിറക്കാനുള്ള നീക്കത്തിൽ വയനാട് എംപി ഒരക്ഷരം മിണ്ടിയില്ല. രണ്ട് ദിവസം വയനാട് മണ്ഡലത്തിൽ സന്ദർശനം നടത്തിയ പ്രിയങ്ക ഗാന്ധി കരട് വിജ്ഞാപനത്തിനെതിരെ ഒന്നും പറഞ്ഞില്ല. നിലമ്പൂരിൽ നിരവധി സംഘടനകൾ എംപിയെ സന്ദർശിച്ച് വിഷയം ധരിപ്പിച്ചെങ്കിലും പ്രതികരിക്കാതെയാണ് മടങ്ങിയത്.










0 comments