നാട് പറയുന്നു സുഗന്ധി നയിക്കട്ടെ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷി പ്രചാരണത്തിൽ
നെടുമ്പാശേരി
പാറക്കടവ് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ സുഗന്ധി ജോഷിയിലൂടെ എൽഡിഎഫ് വിജയം ആവർത്തിക്കും. പുളിയനം തെക്ക് നാലാംവാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സുഗന്ധി ജോഷി പ്രചാരണത്തിൽ ബഹദൂരം മുന്നേറിക്കഴിഞ്ഞു. ഓരോ വോട്ടർമാരെയും വ്യക്തിപരമായി സന്ദർശിച്ച് നാലിലധികം തവണ വോട്ട് അഭ്യർഥിച്ചു.
വാർഡിൽ മുൻഗാമിയായ എൽഡിഎഫ് ജനപ്രതിനിധി നടപ്പാക്കിയ പഞ്ചായത്തിലെ പ്രാദേശിക വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ഇതിനൊപ്പം പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്ന യുഡിഎഫിന്റെ അവഗണനയും വികസനത്തിൽ വരുത്തുന്ന വീഴ്‌ചകളും ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫ് ഭരണസമിതിക്ക് പൊതുശ്‌മശാനം, മാലിന്യനിർമാർജനത്തിനുള്ള എംസിഎഫ് എന്നിവ പൂർത്തിയാക്കാൻ കഴിയാത്തത് വോട്ടർമാർക്കിടയിൽ ചർച്ചയാണ്. പവർകട്ട്, വികസനമില്ലാതെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പ്രാദേശിക റോഡുകൾ, കത്താത്ത വഴിവിളക്കുകൾ എന്നിവയ്‌ക്കെതിരെയും വോട്ടർമാർക്കിടയിൽ പ്രതിഷേധമുണ്ട്.
എൽഡിഎഫ് സ്ഥാനാർഥി മുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിലും വിജയം സമ്മാനിക്കുമെന്ന് ഉറപ്പുനൽകുന്നു വോട്ടർമാർ.










0 comments