print edition ദിനേശ് ചെയർമാന് മൂന്നാഴ്‌ചത്തേക്ക് തുടരാം

കൊച്ചി : കേരള ദിനേശ് സഹകരണ സംഘം ചെയർമാൻ എം കെ ദിനേശ് ബാബുവിനെ നീക്കിയ സർക്കാർ നടപടി ഹൈക്കോടതി മൂന്നാഴ്‌ചത്തേക്കു തടഞ്ഞു. സർക്കാർ നടപടി ചോദ്യംചെയ്ത് പയ്യന്നൂർ ബീഡിത്തൊഴിലാളി വ്യവസായ സഹകരണ സംഘവും മറ്റും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്.
ദിനേശ് ബാബുവിനെ നീക്കി പകരം ജില്ലാ വ്യവസായ ജനറൽ മാനേജർക്ക് ചെയർമാന്റെ ചുമതല നൽകിയ വ്യവസായ വകുപ്പ് ഡയറക്ടറുടെ ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്. ഹർജി സർക്കാരിന്റെ വിശദീകരണത്തിനായി മൂന്നാഴ്ചത്തേക്ക് മാറ്റി.
സർക്കാർ പ്രതിനിധിയെ സഹകരണ സംഘങ്ങളുടെ ചെയർമാൻ സ്ഥാനത്ത് നിയോഗിക്കാൻ പാടില്ലെന്ന സഹകരണ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ചെയർമാനെ നീക്കിയത് രാഷ്ട്രീയപ്രേരിതമാണന്ന് ഹർജിക്കാരും ദിനേശ് ബീഡി സഹകരണസംഘവും കോടതിയിൽ ബോധിപ്പിച്ചു. സർക്കാർ ഇടപെടൽ ജനാധിപത്യ വിരുദ്ധവും സഹകരണ നിയമത്തിന്റെ ലംഘനവുമാണെന്നും ചൂണ്ടിക്കാട്ടി. മുന്പ് ഇൗ കേസ് പരിഗണിച്ചപ്പോൾ തൽസ്ഥിതി തുടരാൻ കോടതി നിർദേശിച്ചിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. എം ശശീന്ദ്രനും ദിനേശ് സഹകരണ സംഘത്തിന് വേണ്ടി അഡ്വ. പി പി താജുദീനും ഹാജരായി.









0 comments