print edition വിശ്വാസ്യത നഷ്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമീഷൻ

ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമീഷൻതന്നെ സംശയത്തിന്റെ നിഴലിലായ അസാധാരണ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ തീരുമാനങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്‌ബീർ സിങ് സന്ധുവും വിവേക് ജോഷിയും നൽകിയ വിയോജനക്കുറിപ്പുകൾ പുറത്തുവന്നതോടെ കമീഷന്റെ പ്രവർത്തനങ്ങളാകെ ചോദ്യമുനയിലായി.
10 മാസത്തിനിടെ കുറഞ്ഞത് 14 തവണയാണ് ഇരുവരും കമീഷൻ നടപടികളോട് ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരെ ചേർക്കുന്നതും നിലവിലുള്ള വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യുന്നതും വോട്ടർ ഡാറ്റയുടെ നിയന്ത്രണം കേന്ദ്രീകരിക്കുന്നതും ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിലായിരുന്നു എതിർപ്പ്. ചില നടപടികളെ അനധികൃതവും നിയമവിരുദ്ധവും എന്നുപോലും വിശേഷിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ കാവലാളാകേണ്ട സ്ഥാപനം, ഒരു വ്യക്തിയുടെയോ കേന്ദ്ര സർക്കാരിന്റെയോ അമിതാധികാര പ്രവണതകൾക്ക് വഴിപ്പെടുന്നത് ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷനിലെ ഇൗ നടപടികളെ ഭരണപരമായ അഭിപ്രായവ്യത്യാസമായിമാത്രം കാണാനാകില്ല. മോദിസർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ എന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഗ്യാനേഷ് കുമാറിന്റെ നിയമനംതന്നെ ഏറെ വിവാദമായിരുന്നു. നിയമിതനായശേഷം അദ്ദേഹം സ്വീകരിച്ച ഓരോ നടപടിയും തികച്ചും ഏകപക്ഷീയമായിരുന്നു. മോദി–അമിത് ഷാ സഖ്യം പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമായി തെരഞ്ഞെടുപ്പ് കമീഷനെ മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ഉൾപ്പെടെ നിരന്തരം വിദ്വേഷ–-വർഗീയ പരാമർശം നടത്തുന്ന മോദിക്കും സംഘത്തിനുമെതിരെ നടപടിയെടുക്കാതെ കമീഷൻ നിരന്തരം പ്രോത്സാഹിപ്പിച്ചു.
എസ്‌ഐആറിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കരട് വോട്ടർപ്പട്ടികയിൽനിന്ന് 13 കോടിയിലേറെ പേരുകൾ ഒഴിവാക്കിയിട്ടുണ്ട്. വോട്ടറുടെ പേര് വെട്ടിമാറ്റുന്നത് കംപ്യൂട്ടർ ഡാറ്റ തിരുത്തുന്നതുപോലുള്ള ലളിതമായ കാര്യമല്ല. അത് ഭരണഘടന പൗരന് നൽകിയ ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. പാവപ്പെട്ടവർ, ദിവസവേതനക്കാർ, കുടിയേറ്റ തൊഴിലാളികൾ, വയോധികർ, സ്ത്രീകൾ, രേഖകൾ സൂക്ഷിക്കാൻ കഴിയാത്ത പുറന്പോക്കിൽ കഴിയുന്നവർ തുടങ്ങിയവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ഒരാളുടെ പേര് നീക്കംചെയ്യുന്നതിനുമുമ്പ് വ്യക്തമായ കാരണം അറിയിക്കണം. മതിയായ സമയം നൽകണം. അപ്പീൽ ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണം. അപ്പീൽ പരിഗണിക്കുന്നതുവരെ വോട്ടവകാശം സംരക്ഷിക്കാനുള്ള സംവിധാനവും വേണം. ഇതിനുപകരം വോട്ടർപ്പട്ടികയുടെ നിയന്ത്രണം കേന്ദ്രീകരിക്കുകയും പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ സാങ്കേതികസംവിധാനങ്ങൾ മറികടക്കുകയും ചെയ്യുന്ന സ്ഥിതിയാണെങ്കിൽ അത് അതീവഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് കമീഷനിലെ രണ്ട് അംഗങ്ങൾതന്നെ വോട്ടർ ഡാറ്റയുടെ കേന്ദ്രീകരണത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിന് ഏറെ പ്രാധാന്യമുണ്ട്.
ഭരണഘടനയുടെ 324–-ാം അനുച്ഛേദപ്രകാരം സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവാദിത്വമുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. അതിന്റെ വിശ്വാസ്യത ഒരു രാഷ്ട്രീയപാർടിയുടെയോ സർക്കാരിന്റെയോ സ്വത്തല്ല. രാജ്യത്തെ ഓരോ വോട്ടറുടെയും അവകാശത്തിന്റെ കാവലാണ് അത്. അതുകൊണ്ടുതന്നെ കമീഷനിലെ മൂന്നിൽ രണ്ടുപേർ നിർണായക നടപടികളെക്കുറിച്ച് ആവർത്തിച്ച് എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് അവഗണിക്കാനാകില്ല. അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടത് കമീഷന്റെ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പ് കമീഷന് സുതാര്യത വേണമെന്ന് ആവശ്യപ്പെടുന്നത് ജനാധിപത്യവിരുദ്ധമല്ല. എസ്‌ഐആറിനെതിരെ പ്രതിപക്ഷപാർടികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ഉന്നത നീതിപീഠവും വ്യക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ വൈമനസ്യം കാട്ടരുത്.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ചരിത്രംതന്നെ വോട്ടവകാശം വിപുലീകരിച്ചുകൊണ്ടുള്ള പോരാട്ടങ്ങളുടേതുകൂടിയാണ്. ജാതി, മതം, ലിംഗം, സാമ്പത്തികസ്ഥിതി, സാമൂഹികപദവി എന്നിവയുടെ പേരിൽ ആരെയും ജനാധിപത്യത്തിൽനിന്ന് മാറ്റിനിർത്തരുതെന്നതാണ് ഭരണഘടനയുടെ അടിസ്ഥാനതത്വം. ആ അവകാശത്തെ രേഖകളുടെയും സാങ്കേതിക നടപടികളുടെയും പേരിൽ ചുരുക്കുന്ന സാഹചര്യം ഉണ്ടാകരുത്.
എസ്‌ഐആർ തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണനടപടി മാത്രമാകരുത്; അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയകൂടിയാകണം. രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ ഉയർത്തിയ ചോദ്യങ്ങൾക്കും പ്രതിപക്ഷം ഉന്നയിക്കുന്ന ആശങ്കകൾക്കും സുപ്രീംകോടതിയിൽ ഉയരുന്ന ചോദ്യങ്ങൾക്കും സുതാര്യമായ മറുപടി ലഭിക്കണം. ജനാധിപത്യത്തിന്റെ കാവൽസ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷന് ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാൻ അവർ തയ്യാറാകണം.









0 comments