ad
Deshabhimani

print edition ആടിയശിഷ്ടം നെയ്യ് ക്രമക്കേട്; 42 പേർക്കെതിരായ ക്രിമിനൽ നടപടി ഒഴിവാക്കാൻ നിർദേശം

kerala highcourt new 1
വെബ് ഡെസ്ക്

Published on Sep 25, 2026, 01:31 AM | 1 min read

കൊച്ചി : ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് ക്രമക്കേടിൽ വിജിലൻസ് പ്രതി ചേർത്തിരുന്ന ദേവസ്വം ഉദ്യോഗസ്ഥരടക്കം 42 പേർക്കെതിരായ ക്രിമിനൽ നടപടി ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. മനപ്പൂർവം പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതിന് നിലവിൽ തെളിവുകളില്ലെന്നും വ്യക്തിപരമായി കുറ്റം ചുമത്താനുള്ള വസ്തുതകൾ കണ്ടെത്തുക ശ്രമകരമാണെന്നും വിജിലൻസ് അന്വേഷകസംഘം അറിയിച്ച സാഹചര്യത്തിലാണിത്.


പായ്‌ക്കറ്റ്‌ നെയ്യ് ഉൽപാദനം മുതൽ വിപണനം വരെയുള്ള ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ കാണിച്ച അശ്രദ്ധയാണ് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്ന് വിജിലൻസ് റിപ്പോർട്ടിലുണ്ട്. അതിനാൽ പ്രതികൾക്കെതിരെ ദേവസ്വം ബോർഡ് വകുപ്പുതല അച്ചടക്കനടപടികൾ പരിഗണിക്കണമെന്നും നഷ്ടം ഈടാക്കണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.


കഴിഞ്ഞ മണ്ഡല, മകരവിളക്ക് സീസണിൽ ആടിയശിഷ്ടം നെയ്യ് വിൽപ്പനയിൽ ബോർഡിന് 17,14,460 രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിൽ ഉൾപ്പെട്ട 39 കൗണ്ടർ ജീവനക്കാരിൽ 10 പേർ പുതുതായി നിയമിച്ചവരായിരുന്നുവെന്ന് വിജിലൻസ് റിപ്പോ‌ർട്ടിൽ പറയുന്നു. മൂന്ന് ടെമ്പിൾ സ്പെഷ്യൽ ഓഫീസർമാരിൽ ഒരാൾക്ക് അനുഭവപരിചയമുണ്ടായിരുന്നില്ല. സീനിയർ ഉദ്യോഗസ്ഥരിൽ പലരും ലാസ്റ്റ് ഗ്രേഡിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചവരാണെന്നും റിപ്പോർട്ടിലുണ്ട്.


ശബരിമലയിലെ ഭരണനിർവഹണം കാര്യക്ഷമമാക്കാൻ പ്രൊഫഷണൽ വൈദഗ്‌ധ്യമുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്‌ ബോർഡ് ഗൗരവമായി പരിഗണിക്കണമെന്ന്‌ കോടതി നിർദേശിച്ചു. പ്രധാന തസ്തികകളിലെ നിയമനത്തിന് സീനിയോറിറ്റി പരിഗണിക്കുന്നുണ്ടെങ്കിലും, ആധുനിക മാനേജ്‌മെന്റ് രീതികൾ അറിയാവുന്നവരും ഉണ്ടാകണം. മുതിർന്ന ഉദ്യോഗസ്ഥർക്ക് ഐഐഎം പോലുള്ള സ്ഥാപനങ്ങളിൽനിന്ന് പരിശീലനവും ആലോചിക്കണം. കോടതി നിർദേശങ്ങൾ ഉൾപ്പെടുത്തി പുതിയ പ്രവർത്തനരേഖ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാനും ഉത്തരവിട്ടു. വിഷയം ഒക്ടോബർ 23ന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home