ad
Deshabhimani

ആവേശം ഇ‍ൗ പോരാട്ടജീവിതം

a
avatar
സ്വന്തം ലേഖകൻ

Published on Sep 16, 2026, 12:12 AM | 1 min read

മഞ്ചേരി

സഹോദരനെ ജയിലിൽ ഒന്നുകാണാൻ എന്തുചെയ്യണമെന്നറിയാതെ പാർടി ഓഫീസിന്റെ പടികയറിയെത്തിയ ആ യുവാവിന് അന്ന് അറിയില്ലായിരുന്നു തന്റെ ജീവിതം തന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ പോരാട്ടചരിത്രത്തിന്റെ ഭാഗമാകുമെന്ന്. പുല്ലഞ്ചേരി കുവ്വക്കാടൻ വീട്ടിൽ കെ ഉബൈദ്‌ പിന്നീട് തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു.

1975ൽ അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് സഹോദരൻ മുഹമ്മദ് പൊലീസ് പിടിയിലായത്.

ജയിലിൽ കഴിയുന്ന സഹോദരനെ കാണാനുള്ള വഴിതേടിയാണ് ഉബൈദ് സിപിഐ എം ഓഫീസിലെത്തിയത്. അന്ന് കുടുംബം മുസ്ലിംലീഗ് അനുഭാവികളായിരുന്നു. 1980ൽ മുഹമ്മദ് ആനക്കയം ലോക്കൽ കമ്മിറ്റി അംഗമായതോടെ ഉബൈദും പാർടി അംഗത്വമെടുത്തു. പിന്നീട് ബ്രാഞ്ച് സെക്രട്ടറിയായും മുഴുവൻസമയ പ്രവർത്തകനായും ദേശാഭിമാനി ഏജന്റായും പ്രവർത്തിച്ചു.

1982ൽ ചുമട്ടുതൊഴിലാളി യൂണിയൻ സെക്രട്ടറിയായതോടെ തൊഴിലാളി ജീവിതത്തിന്റെ ദുരിതങ്ങൾ നേരിട്ടറിഞ്ഞു. കുറഞ്ഞ കൂലി, തൊഴിൽ അംഗീകാരമില്ലായ്മ, ആനുകൂല്യങ്ങളുടെ അഭാവം, തൊഴിൽനിഷേധം എന്നിവയ്ക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചു. ലേബർ വകുപ്പിന്റെ സഹായത്തോടെ തൊഴിൽ കാർഡ് ഉറപ്പാക്കുകയും വേതനം വർധിപ്പിക്കുകയുംചെയ്തു.

മഞ്ചേരി ആഴ്ചച്ചന്തയ്ക്ക്‌ പകരം നിത്യമാർക്കറ്റ് ആരംഭിച്ചപ്പോൾ എസ്ടിയു, ഐടിയുസി അംഗങ്ങൾക്കുമാത്രം തൊഴിൽ നൽകാനുള്ള നീക്കത്തിനെതിരെ ചന്തക്കുന്നിൽ ശക്തമായ സമരം സംഘടിപ്പിച്ചു. സിഐടിയു തൊഴിലാളികൾക്കും തൊഴിൽ ഉറപ്പാക്കിയശേഷമാണ് മാർക്കറ്റ് തുറക്കാനായത്.

1994ൽ ചുമട്ടുതൊഴിലാളി നിയമം നടപ്പായതോടെ ബോർഡ് ലോക്കൽ കമ്മിറ്റിയിൽ സിഐടിയു പ്രതിനിധിയായി. കയറ്റിറക്കുതൊഴിലാളികൾക്ക് ലേബർ കാർഡ് ലഭ്യമാക്കാൻ ഇടപെട്ടു. 1996ൽ ഒരാഴ്ച നീണ്ട സമരത്തിനൊടുവിൽ ചുമട്ടുമേഖലയിൽ കൂലി ഏകീകരിക്കുകയും തൊഴിൽ റൊട്ടേഷൻ സംവിധാനം നടപ്പാക്കുകയുംചെയ്തു.

നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റായും സിഐടിയു ജില്ലാ വൈസ് പ്രസിഡന്റായും നിർമാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായും ഹോട്ടൽ തൊഴിലാളി യൂണിയൻ സെക്രട്ടറിയായും സിനിമാ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. നഗരസഭാ കൗൺസിലറായും കില ഫാക്കൽറ്റിയായും പൊതുപ്രവർത്തനത്തിൽ സജീവമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home