ad
Deshabhimani

ഇഎസ്എ കരട് വിജ്ഞാപനം

മലയോര ജനതയെ കുടിയിറക്കുമോ

a
avatar
എം സനോജ്

Published on Aug 31, 2026, 12:05 AM | 1 min read

നിലമ്പൂർ

മണ്ണിൽ വിയർപ്പൊഴുക്കി കൃഷിയിടങ്ങൾ പടുത്തുയർത്തിയ കുടിയേറ്റ കർഷകരുടെയും പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിചെയ്ത് ഉപജീവനം നടത്തുന്നവരുടെയും മുന്നിൽ വീണ്ടും ആശങ്കയുടെ കരട്. പശ്ചിമഘട്ട പരിസ്ഥിതി ദുർബല പ്രദേശ (ഇഎസ്എ) കരട് വിജ്ഞാപനം മലയോര മേഖലയിലെ കൃഷിയെയും ഭൂവിനിയോഗത്തെയും ഭാവിയിൽ എങ്ങനെ ബാധിക്കുമെന്ന ചോദ്യമാണ് ഉയർത്തുന്നത്.

അന്തിമ വിജ്ഞാപനം പുറത്തുവരാന്‍ ഇനി 25 ദിവസംമാത്രം ശേഷിക്കേ ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയമായിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍പോലും തയ്യാറായിട്ടില്ല. ജില്ലയിൽ അകമ്പാടം, അമരമ്പലം, ചോക്കാട്, കാളികാവ്, കരുളായി, കരുവാരക്കുണ്ട്, കേരള എസ്റ്റേറ്റ്, കുറുമ്പലങ്ങോട്, പോത്തുകല്ല്, വഴിക്കടവ്, ചുങ്കത്തറ വില്ലേജുകളാണ് പട്ടികയിലുള്ളത്. സംസ്ഥാന സർക്കാർ നൽകിയ ശുപാർശയിൽ ചുങ്കത്തറ ഒഴിവാക്കി 10 വില്ലേജുകളിലായി 676.09 ചതുരശ്ര കിലോമീറ്ററാണ് നിർദേശിച്ചിരുന്നത്. പഴയ കരടിൽ ഇത് 770.05 ചതുരശ്ര കിലോമീറ്ററായിരുന്നു. ചുങ്കത്തറ വീണ്ടും പട്ടികയിൽ ഉൾപ്പെട്ടതാണ് നിലമ്പൂർ മേഖലയിലെ പ്രധാന ആശങ്ക.

​‘ജനകീയ പരിശോധന വേണം’

ഇഎസ്എ കരടിനെക്കുറിച്ചുള്ള ആശങ്കകൾ ജനങ്ങളിൽനിന്ന് നേരിട്ട് ശേഖരിച്ച് രേഖപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇഎസ്എ പരിധിയിൽവരുന്ന തദ്ദേശ സ്ഥാപനങ്ങൾ വാർഡ് തലത്തിൽ പ്രത്യേക യോഗങ്ങൾ വിളിച്ച് പ്രദേശവാസികളുടെ അഭിപ്രായങ്ങളും പരാതികളും നിർദേശങ്ങളും ശേഖരിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. കർഷകർ, പാട്ടം കൃഷിക്കാർ, ആദിവാസി കുടുംബങ്ങൾ, ഭൂവുടമകൾ, വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയ വിവിധ വിഭാഗങ്ങളെ യോഗങ്ങളിൽ പങ്കെടുപ്പിക്കണം. ഓരോ വാർഡിലെയും നിലവിലുള്ള കൃഷിയിടങ്ങൾ, വീടുകൾ, ജനവാസ മേഖലകൾ, പാട്ടം ഭൂമി, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കണം. ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടതോടെ പ്രദേശത്തെ കൃഷി, താമസം, ഉപജീവനം, വികസന പ്രവർത്തനങ്ങൾ എന്നിവയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ജനങ്ങൾക്ക് വ്യക്തത നൽകണം.

കൃഷിയിടങ്ങളുടെ ഭാവിയിൽ വ്യക്തതയില്ല

ഇഎസ്എ പരിധിയിൽവരുന്ന പ്രദേശങ്ങളിൽ കൃഷിയും ജീവിതവും, നിർമാണത്തിനും ഭൂമി കൈമാറ്റത്തിനും നിയന്ത്രണം, പാട്ടഭൂമിയിലെ കൃഷി തുടങ്ങിയ കാര്യങ്ങളിൽ നിലവിൽ ഒരു വ്യക്തതയുമില്ല. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം മലയോര ജനതയുടെ ഉപജീവനവും സംരക്ഷിക്കണമെന്ന്‌ ഇതിനകം ആവശ്യമുയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home