ad
Deshabhimani

എലൈറ്റ് ഫുട്ബോള്‍

കനല്‍ച്ചൂടില്‍ പൊള്ളി സ്പോര്‍ട്ടിങ് ക്ലബ്

a

കോട്ടപ്പടി സ്റ്റേ‍ഡിയത്തില്‍ നടക്കുന്ന എലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ 
സ്പോര്‍ട്ടിങ് ക്ലബ് മലപ്പുറവും റോയല്‍ എഫ്‌സി മഞ്ചേരിയും തമ്മിലുള്ള 
മത്സരത്തില്‍നിന്ന്

avatar
പി അഭിഷേക്‌

Published on May 24, 2026, 12:33 AM | 1 min read

മലപ്പുറം

ചാരമായെന്ന് കരുതിയ റോയല്‍ എഫ്സി മഞ്ചേരിയുടെ കനല്‍ച്ചൂടില്‍ പൊള്ളി സ്പോര്‍ട്ടിങ് ക്ലബ് മലപ്പുറം. കൈയകലത്തിലുണ്ടായ എലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കിരീടം തോല്‍വിയിലൂടെ തുലച്ചു. ഏകപക്ഷീയമായ രണ്ട്‌ ഗോളുകള്‍ക്കാണ് മഞ്ചേരിയോട് പരാജയപ്പെട്ടത്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ശനിയാഴ്ച സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ അവസാന മത്സരമായിരുന്നു. പോയിന്റ് ടേബിളിലെ ആദ്യ സ്ഥാനക്കാര്‍ക്ക് ജയിച്ചാല്‍‌ ചാമ്പ്യന്മാരായി കെപിഎല്‍ യോഗ്യതാ റൗണ്ടിലേക്ക് പ്രവേശിക്കാം. എന്നാല്‍, പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ മഞ്ചേരി കളിക്കളത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു.

തുടക്കംമുതല്‍ റോയല്‍ എഫ്സി അച്ചടക്കത്തോടെ പന്തുതട്ടി. കൃത്യമായ ഇടവേളകളില്‍ സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടു. സ്പോര്‍‌ട്ടിങ് ക്ലബ്ബിന്റെ രണ്ട് ഗോള്‍ശ്രമം മഞ്ചേരിയുടെ ഗോളി തടുത്തിട്ടു. പിന്നാലെ വീണുകിട്ടിയ ഫ്രീ കിക്ക് മഞ്ചേരിയുടെ എം അദിനാന്‍ അനായാസം ഗോളാക്കി. രണ്ടാംപകുതിയിലും ഇരുടീമുകളും വീറുറ്റ പ്രകടനം കാഴ്ചവച്ചു. ഇതിനിടെ രണ്ട് മഞ്ഞ കാര്‍ഡ് ലഭിച്ച് സ്പോര്‍ട്ടിങ് ക്ലബ് താരം പുറത്തായി. വാശിയേറിയ പോരാട്ടത്തില്‍ വീണുകിട്ടിയ അവസരം ഗോളാക്കി മഞ്ചേരിയുടെ മുഹമ്മദ് ആസിഫ് സ്കോര്‍ രണ്ടിലെത്തിച്ചു. മഞ്ചേരിയുടെ ഗോള്‍ കീപ്പര്‍ മുഹമ്മദ് മിഥിലാജാണ് കളിയിലെ താരം.

തോല്‍വിയിലൂടെ സ്പോര്‍ട്ടിങ് ക്ലബ്ബിന്റെ കിരീട പ്രതീക്ഷ മങ്ങി. അതേസമയം, എ ഡിവിഷനിലേക്ക് താഴ്‌ത്തപ്പെടുമായിരുന്ന മഞ്ചേരിക്ക് ജീവന്‍ തിരിച്ചുകിട്ടി. പോയിന്റ് ടേബിളില്‍ അഞ്ചാംസ്ഥാനം സ്വന്തമാക്കി. ഞായറാഴ്ച സാറ്റ് തിരൂരും ബാസ്കോ ഒതുക്കുങ്ങലും തമ്മിലാണ് മത്സരം. തിങ്കളാഴ്ച ഇഎംഇഎ കോളേജ് കൊണ്ടോട്ടിയും സോക്കര്‍ ക്ലബ് മലപ്പുറവും ഏറ്റുമുട്ടും. കഴിഞ്ഞ 12ന് മഴകാരണം മാറ്റിവച്ച ഒതുക്കുങ്ങലും മഞ്ചേരിയും തമ്മിലുള്ള മത്സരം ചൊവ്വാഴ്ച നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home