ഗുരുതര സാഹചര്യത്തിലും ഗർഭിണിയെ തിരിഞ്ഞുനോക്കിയില്ല
തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സാ വീഴ്ചയെന്ന് പരാതി

തിരൂർ
തിരൂർ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയെ ഗുരുതര സാഹചര്യത്തിലും തിരിഞ്ഞുനോക്കിയിലെന്ന് പരാതി. നന്നമ്പ്ര ചെറുമുക്കിലെ കോൺഗ്രസ് പ്രവർത്തകനും പ്രാദേശിക മാധ്യമ പ്രവർത്തകനുമായ മുസ്തഫ ചെറുമുക്കിന്റ ഭാര്യ സുലൈഖ(43)ക്കാണ് ദുരനുഭവം. 22 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് സുലൈഖ ഗർഭിണിയാകുന്നത്. പ്രസവ തീയതി ജൂലൈ നാലിനെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. ജൂൺ രണ്ടിന് പുലർച്ചെ മൂന്നോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭത്തിന്റെ തുടക്കം മുതൽ പ്രഷർ, ഷുഗർ എന്നീ അസുഖങ്ങൾക്ക് മരുന്ന് കഴിച്ചിരുന്നു. ഇതെല്ലാം ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കൃത്യമായി അറിയിച്ചിരുന്നു. അടിയന്തര പ്രധാന്യം_നൽകേണ്ട ഗർഭിണിയായിട്ടും തികഞ്ഞ അനാസ്ഥയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ചികിത്സ ആരംഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. മാസം തികയാതെയാണ് പ്രസവം നടന്നതെന്നും കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടെന്നും സ്വകാര്യ ആശുപത്രിയിലെ_ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയുംചെയ്തു.
ജൂൺ ഒന്നിന് നടത്തിയ പരിശോധനയിലെ_ ഗുരുതരമായ പിഴവും രണ്ടിന് പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന_ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ഭാര്യയ്ക്കും കുഞ്ഞിനും ജീവാപായം സംഭവിക്കാവുന്ന രീതിയിലുള്ള അനാസ്ഥയാണെന്ന് മുസ്തഫ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമീഷൻ, വനിതാ കമീഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കലക്ടർ എന്നിവർക്ക് മുസ്തഫ പരാതി നൽകി.










0 comments