മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാതെ നഗരസഭ
തിരൂരിൽ ബസ് സ്റ്റാന്‍ഡിൽ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകി

തിരൂർ
തിരൂർ നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകി ദുർഗന്ധം പരന്നതോടെ തിരൂർ കെസ്ആർടിസി ഓഫീസ് അടച്ചുപൂട്ടി. തിരൂർ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയിൽനിന്നടക്കമുള്ള മലവിസർജ്ജന മാലിന്യങ്ങൾ തള്ളുന്ന സെപ്റ്റിക് ടാങ്കാണ് പൊട്ടിയൊഴുകി പ്രദേശമാകെ പരക്കുന്നത്. ഇരിക്കാൻപോലും കഴിയാത്ത രീതിയിൽ കടുത്ത ദുർഗന്ധം പരക്കുന്നതും മലിനജലം കെട്ടിടത്തിലേക്ക് പരക്കുന്നതുംമൂലമാണ് കെഎസ്ആർടിസി എസ്എം ഓഫീസ് അടച്ചത്. കെഎസ്ആർടിസി പൊന്നാനി എടിഒ കൺട്രോൾ ഇൻസ്പെക്ടർ നഗരസഭാ അധികൃതർക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും വിഷയത്തിൽ പരിഹാരമാവാത്തതിനാലാണ് ഓഫീസ് പൂട്ടിയത്. യാത്രക്കാർക്ക് പ്രയാസം വരാതിരിക്കാൻ ഓഫീസിന് മുൻവശത്ത് വരാന്തയിൽ കസേരയും മേശയുമിട്ട് താൽക്കാലികമായി ഓഫീഫ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെയും കെട്ടിടത്തിലെ വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതിയും പ്രതിഷേധവും ശക്തമായതോടെ കുറുക്കോളി മൊയ്തീൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. എംഎൽഎ നഗരസഭാ അധികൃതരോട് നടപടിയെടുക്കാൻ നിർദേശിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. മാലിന്യ പ്രശ്നം രൂക്ഷമായിട്ടും വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാൻ നഗരസഭാ അധികൃതർ തയ്യാറാവാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.









0 comments