മുണ്ടുപറമ്പ് ശ്മശാനം അപകടാവസ്ഥയിൽ
വാതക ചോർച്ച, ദഹിപ്പിക്കാൻ ഇരട്ടിസമയം

മുണ്ടുപറമ്പിലെ മലപ്പുറം നഗരസഭാ വാതക ശ്‌മശാനം

സ്വന്തം ലേഖകൻ
Published on Aug 25, 2026, 12:32 AM | 1 min read
മലപ്പുറം
മലപ്പുറം നഗരസഭയിലെ ഏക വാതക ശ്മശാനം അപകടകരമായ അവസ്ഥയിൽ. വാതക ശ്മശാനത്തിന്റെ വാതിൽ പൂർണമായും പൊളിഞ്ഞതോടെ വാതക ചോർച്ചയ്‌ക്കിടയിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ഇതിനാകട്ടെ ഇരട്ടിസമയവുംവേണ്ടിവരുന്നു. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗൺസിലർ പാച്ചത്ത് നാരായണനാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മൃതദേഹം ദഹിപ്പിക്കുന്നത് ഏറെ അപകടകരമായ രീതിയിലാണെന്നും ജീവനക്കാരൻ ജീവനോടെ ബാക്കിയാകുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം നഗരസഭാ കൗൺസിൽ യോഗത്തിൽ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കി പ്രതിപക്ഷ കക്ഷിനേതാവ് എം കെ അനിൽകുമാറും സംസാരിച്ചു.
ശ്മശാനത്തിലെ വാതകമുറിയുടെ വാതിൽ തകർന്ന നിലയിലാണ്. പുക പോകുന്ന ചിമ്മിനിയിലും ചോർച്ചയുണ്ട്. മൃതദേഹം കിടത്തുന്ന പ്ലാറ്റ്ഫോമിലെ ഇഷ്ടികകൾ ഇളകിയനിലയിലായതിനാൽ സുരക്ഷാ പ്രശ്നവും നിലനിൽക്കുന്നു. വാതിൽ തകർന്നതിനാൽ താപനില നിലനിർത്താൻ കഴിയാത്തതുമൂലം മൃതദേഹം പൂർണമായി ദഹിപ്പിക്കാൻ കൂടുതൽ സമയംവേണ്ടിവരുന്നു. ഇതോടെ ജീവനക്കാരുടെ സുരക്ഷയും ആശങ്കയിലാണ്.
ഒരേസമയം രണ്ട് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സൗകര്യമുണ്ടായിരുന്ന ശ്മശാനത്തിൽ നിലവിൽ ഒരു യൂണിറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം മൃതദേഹങ്ങൾ പെരിന്തൽമണ്ണയിലേക്കോ മഞ്ചേരിയിലേക്കോ കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്. ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ശ്മശാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർന്ന നിലയിലാണെന്ന് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു.
ശ്മശാനത്തിന്റെ പരാധീനതകൾ ഏറെക്കാലമായി ചർച്ചയിലുണ്ട്. നേരത്തെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി 50,000 രൂപയും പദ്ധതി വിഹിതത്തിൽനിന്ന് 10 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. എന്നാൽ പ്രവൃത്തി ആരംഭിച്ചില്ല. പദ്ധതിവിഹിതം 16 ലക്ഷമാക്കിയതായി ചെയർപേഴ്സൺ വി റിനിഷ അറിയിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ശ്‌മശാനത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.










0 comments