ad
Deshabhimani

കൊലക്കേസ് പ്രതി 18 വർഷത്തിനുശേഷം അസമിൽ പിടിയിൽ

a

ക്രൈംബ്രാഞ്ച് സംഘം പ്രതി ദിലീപ് രാജാക്കിനൊപ്പം

വെബ് ഡെസ്ക്

Published on Sep 25, 2026, 01:25 AM | 1 min read

പെരിന്തൽമണ്ണ

സോമിൽ മാനേജരെ കൊലപ്പെടുത്തി ചാക്കിലാക്കി അറക്കപ്പൊടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയെ 18 വർഷത്തെ അന്വേഷണത്തിനുശേഷം അസമിൽനിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബിഹാർ അറാരിയ ജില്ലയിലെ താർബാരി ദിലീപ് രാജാക്കിനെ (65)യാണ്‌ അസമിലെ ദേമാജി ജില്ലയിലെ ഗോഗമുഖിൽനിന്ന് അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിക്കുസമീപത്തെ അക്ബർ സോമിൽ മാനേജരായിരുന്ന ബാലകൃഷ്ണനാണ്‌ കൊല്ലപ്പെട്ടത്‌. 2007 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. മില്ലിന് തൊട്ടടുത്തുള്ള ബാങ്കിൽ നടന്ന കവർച്ചാശ്രമത്തിന്റെ അതേ രാത്രി ബാലകൃഷ്ണനെ കാണാതായി. പിന്നീട്‌ ബാലകൃഷ്ണന്റെ മൃതദേഹം ചാക്കിലാക്കി മില്ലിലെ അറക്കപ്പൊടി കുഴിയിൽ മൂടിവച്ചനിലയിൽ കണ്ടെത്തി. തൊട്ടുപിന്നാലെ മില്ലിലെ തൊഴിലാളികളായ രണ്ട് ഇതര സംസ്ഥാനക്കാർ അപ്രത്യക്ഷരായി. ഇവർ മില്ലിൽ നൽകിയിരുന്ന പേരും വിലാസവും വ്യാജമാണെന്ന് ആദ്യ അന്വേഷണത്തിൽതന്നെ മനസ്സിലായിരുന്നു. പലതവണ പൊലീസ് ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ അന്വേഷിച്ചെങ്കിലും പ്രതികൾ ഒളിത്താവളങ്ങൾ ഇടക്കിടക്ക് മാറിക്കൊണ്ടിരുന്നു.

പിന്നീട്‌ ക്രൈംബ്രാഞ്ച് എസ്പി പഴയ കേസുകൾ അന്വേഷിക്കുന്നതിന് നൽകിയ നിർദേശത്തിൽ ഇൻസ്‌പെക്ടർ അമീർ അലിയുടെ നേതൃത്വത്തിൽ എഎസ്ഐ സിയാഉൽ ഹഖ്, എസ്‌സിപിഒമാരായ എസ് എ മുഹമ്മദ് ശാക്കിർ, കെ പി ഹമീദലി എന്നിവരടങ്ങുന്ന സംഘം പ്രതികളെ തേടിയിറങ്ങുകയായിരുന്നു. പഴയ വിവരങ്ങളും പുതിയ സാങ്കേതികവിദ്യയും കൂട്ടിച്ചേർത്തുള്ള സൂക്ഷ്മമായ പരിശോധനകളും ശാസ്‌ത്രീയ അന്വേഷണങ്ങളും വഴിത്തിരിവായി. അസമിലെ ദേമാജി ജില്ലയിൽ അരുണാചൽ പ്രദേശിനോട് ചേർന്ന് ഹിമാലയൻ താഴ്‌വരയിലെ 'ഗോഗമുഖ്' ഗ്രാമത്തിൽനിന്നാണ്‌ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home