പാസ്‌പോർട്ട് സേവാകേന്ദ്രം
സെര്‍വര്‍ പണിമുടക്കിൽ വലഞ്ഞ് അപേക്ഷകര്‍

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മലപ്പുറം പാസ്‌പോർട്ട് സേവാകേന്ദ്രത്തിലെ അപേക്ഷകരുടെ തിരക്ക്
സ്വന്തം ലേഖകന്‍.....
Published on Aug 12, 2026, 12:47 AM | 1 min read
മലപ്പുറം
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ പ്രയാസത്തിലായത് നൂറുകണക്കിനാളുകള്‍. ചൊവ്വ രാവിലെമുതല്‍ മലപ്പുറം പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഫലമുണ്ടായില്ല. രാജ്യത്താകെ സെര്‍വര്‍ തകരാറുണ്ടെന്നാണ് ജീവനക്കാരുടെ വിശദീകരണം.
മലപ്പുറം പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍ രാവിലെ 8.30മുതലാണ് പ്രമാണ പരിശോധന ആരംഭിക്കുന്നത്. മുന്‍കൂട്ടി അറിയിച്ച സമയത്താണ് അപേക്ഷകരെത്തുന്നത്. പാലക്കാട് ജില്ലയില്‍നിന്നുള്‍പ്പെടെയുള്ളവര്‍ അതിരാവിലെ കേന്ദ്രത്തിലെത്തി. എന്നാല്‍, സെര്‍വര്‍ തകരാറിലായതിനാല്‍ ഇവരുടെ പ്രമാണ പരിശോധന നടന്നില്ല. ഇതോടെ പിന്നാലെയെത്തിയവരും കുടുങ്ങി. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും കാര്യമുണ്ടായില്ല. പാസ്പോര്‍ട്ട് പുതുക്കാനും പുതിയത് ലഭിക്കാനും അപേക്ഷ സമര്‍പ്പിച്ചവര്‍ നിസ്സഹായരായി. ഇതോടെ ജോലിക്കും പഠനത്തിനും മറ്റുമായി വിദേശത്തേക്ക് പോകേണ്ടവരും എമര്‍ജന്‍സി പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരും പ്രതിസന്ധിയിലായി.
അപേക്ഷകര്‍ പ്രതികരിച്ചുതുടങ്ങിയതോടെ അക്ഷയാകേന്ദ്രങ്ങള്‍വഴി പ്രമാണ പരിശോധനയ്ക്ക് മറ്റൊരു ദിവസം ബുക്ക്ചെയ്യാന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, പാസ്പോര്‍ട്ട് സേവാകേന്ദ്രത്തില്‍നിന്നുതന്നെ തൊട്ടടുത്ത ദിവസം കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്ന് അപേക്ഷകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ പൊലീസെത്തി സ്ഥിതി നിയന്ത്രിച്ചു. ഉച്ചയ്ക്കുശേഷവും അപേക്ഷകരുടെ നീണ്ടനിരയുണ്ടായി. വീണ്ടും അപേക്ഷിച്ചാല്‍ ഒന്നോ രണ്ടോ മാസം കഴിഞ്ഞുമാത്രമേ പ്രമാണ പരിശോധനയ്ക്ക് സമയം അനുവദിക്കുകയുള്ളൂവെന്നാണ് അപേക്ഷകര്‍ പറയുന്നത്. എമര്‍ജന്‍സി പാസ്പോര്‍ട്ടിന് അപേക്ഷിച്ചവര്‍ക്ക് തൊട്ടടുത്ത ദിവസം വന്ന് ഓഫീസറെ കാണാമെന്നും മറ്റുള്ളവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റൊരുദിവസം കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുമെന്നും പാസ്പോര്‍ട്ട് സേവാകേന്ദ്രം അധികൃതര്‍ അറിയിച്ചു.










0 comments