അഞ്ചുപൈസയിൽ തുടങ്ങിയ പോരാട്ടം


ടി വി സുരേഷ്
Published on Sep 14, 2026, 12:00 AM | 2 min read
മഞ്ചേരി
ചുമലിൽ ചുമന്നത് ചാക്കുകളും പെട്ടികളുമായിരുന്നു. അതിനൊപ്പം ഒരു കാലത്തിന്റെ പട്ടിണിയും അവഗണനയും അവകാശപ്പോരാട്ടവും. ചുമട്ടുതൊഴിലാളി പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രം ഓർത്തെടുക്കുമ്പോൾ മേലാക്കം പനച്ചിക്കൽ വീട്ടിൽ ഉസ്മാന്റെ മനസ്സിൽ തെളിയുന്നത് അരനൂറ്റാണ്ട് മുമ്പത്തെ മഞ്ചേരി അങ്ങാടിയാണ്.
1974-ൽ ഏഴാം ക്ലാസ് പഠനം അവസാനിപ്പിച്ച് പട്ടിണിയിൽനിന്ന് രക്ഷപ്പെടാൻ മഞ്ചേരിയിലെത്തിയ ബാലൻ. തുണിയുടെ മടക്കിനുള്ളിൽ ഓറഞ്ചും നാരങ്ങയും ഒളിപ്പിച്ച് താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് വിറ്റായിരുന്നു തുടക്കം. അധികൃതരും പൊലീസും തടഞ്ഞതോടെ അതവസാനിച്ചു. പിന്നീട് രാജലക്ഷ്മി ബസ്സിൽ എത്തുന്ന യാത്രക്കാർക്ക് സർബത്ത് വിറ്റു. അവിടെനിന്ന് കണ്ടക്ടർ ശേഖരന്റെ സഹായത്തോടെ ചുമട്ടുതൊഴിലിലേക്ക്.
1975-ൽ എസ്‌ടിയു ചുമട്ടുതൊഴിലാളി യൂണിയനിൽ അംഗമായ ഉസ്മാന് ലഭിച്ചത് 16-ാം നമ്പർ പിച്ചള ബാഡ്ജ്. തൊഴിലാളികളുടെ അവകാശത്തിനായി ആദ്യമായി നേരിട്ടത് വാഴക്കുല സമരത്തിലായിരുന്നു. 30 മുതൽ 50 കിലോ വരെ ഭാരമുള്ള വാഴക്കുലകൾ ഇറക്കാൻ അഞ്ച് പൈസയായിരുന്നു കൂലി. കൂലി വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
ന്യായമായ കൂലി കിട്ടാതെ ലോഡിറക്കില്ല എന്ന നിലപാടിൽ ഉസ്മാനും കൂട്ടരും ഉറച്ചുനിന്നു. പൊലീസ് ഭീഷണിയെയും അവഗണിച്ച് നടത്തിയ സമരത്തിനൊടുവിൽ കൂലി വർധിപ്പിച്ചു. തൊഴിലാളികൾക്കൊപ്പം നിൽക്കാത്ത നേതൃത്വത്തോടുള്ള പ്രതിഷേധത്തിൽ ഉസ്മാനും സഹപ്രവർത്തകരും എസ്‌ടിയു വിട്ടു.
പിന്നീട് സിഐടിയുവിനൊപ്പം ചേർന്ന് മഞ്ചേരിയിൽ ചുമട്ടുതൊഴിലാളി യൂണിയൻ കെട്ടിപ്പടുത്തു. പഴയൊരു ചുമട്ടുതൊഴിലാളി യൂണിയന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് തുടക്കമിട്ടത്. അഡ്വ. ശ്രീധരൻ നായരും കെ സെയ്താലിക്കുട്ടിയും നേതൃത്വം നൽകി.
നാലുപേരിൽ തുടങ്ങിയ സംഘടന വളർന്നു. ഡെയ്‌ലി മാർക്കറ്റിലും ബസ് ലോഡിങ്ങിലുമെല്ലാം തൊഴിൽ അവകാശം സ്ഥാപിച്ചു.
തൊഴിൽ പിടിച്ചെടുക്കുന്നതും എളുപ്പമായിരുന്നില്ല. ബസ്സുകളിൽ ചാടിക്കയറി ലോഡിങ് ജോലികൾ ഏറ്റെടുക്കേണ്ടിവന്ന ദിവസങ്ങൾ. മഞ്ചേരി മുൻസിപ്പാലിറ്റിയായതോടെ ഡെയ്‌ലി മാർക്കറ്റ് വന്നു. സിമന്റ്, കമ്പി, മറ്റ് നിർമാണ സാമഗ്രികൾ ഇറക്കുന്ന ജോലിയും സിഐടിയു തൊഴിലാളികൾ ഏറ്റെടുത്തു.
മഞ്ചേരിയിൽ കൊടി കുത്താൻ അനുവദിക്കാതിരുന്ന പ്രമാണിവർഗത്തിന്റെ കുത്തക തകർത്താണ് ചെങ്കൊടി നാട്ടിയത്. യൂണിയൻ പ്രവർത്തനത്തിനൊപ്പം രാഷ്ട്രീയ വിദ്യാഭ്യാസവും ഉസ്മാന്റെ ജീവിതത്തിന്റെ ഭാഗമായി. സഖാവ് ശിവരാമൻ മാഷ് നയിച്ച പാർട്ടി ക്ലാസുകളിൽ റഷ്യൻ വിപ്ലവചരിത്രവും കൊല്ലത്തെ കശുവണ്ടി തൊഴിലാളികളുടെ പോരാട്ടങ്ങളുമൊക്കെ പഠിച്ചു. മിച്ചഭൂമി സമരവും അറസ്റ്റും ജയിൽവാസവും പോരാട്ടജീവിതത്തിന്റെ ഭാഗമായി. ചെപ്പി കാദർ, ഷൗക്കത്ത്, അലിപ്പു, അബൂബക്കർ, ബഷീർ, മൊയ്തീൻ, സക്കീർ തുടങ്ങി ഒരുകാലത്ത് ഒപ്പമുണ്ടായിരുന്ന അമ്പതോളം പേരിൽ പലരും ഇന്ന് ഓർമ മാത്രം.









0 comments