പാണക്കാട്ടെ മണ്ണിടിച്ചില്‍
റോഡ് എന്ന് തുറക്കും?

പാണക്കാട് എടായിപ്പാലത്ത് കുന്നിടിച്ചിലുണ്ടായ സ്ഥലം വിദഗ്ധ സംഘം സന്ദര്‍ശിച്ചപ്പോള്‍
സ്വന്തം ലേഖകന്‍.....
Published on Aug 07, 2026, 12:06 AM | 1 min read
മലപ്പുറം
പാണക്കാട് എടായിപ്പാലത്ത് കുന്നിടിഞ്ഞ് നാലുദിനം പിന്നിട്ടിട്ടും ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമാകാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലയിലെ തിരക്കേറിയ റൂട്ടായ മഞ്ചേരി – മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാന പാതയിലെ യാത്രക്കാര്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് നിലവില്‍ ലക്ഷ്യത്തിലെത്തുന്നത്. അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന് തിങ്കൾ രാവിലെ എട്ടോടെയാണ് മലപ്പുറം നഗരസഭാ പരിധിയിലെ എടായിപ്പാലത്ത് കുന്നിടിച്ചിലുണ്ടായത്. ചെറിയരീതിയില്‍ മണ്ണ് ഇടിഞ്ഞിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗതാഗതം തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തില്‍ ബുധൻ വൈകിട്ടോടെ മണ്ണും ചെളിയും നീക്കി റോഡ് ഗതാഗതയോഗ്യമാക്കി.
എന്നാല്‍, അപകടസാധ്യതയുള്ളതിനാല്‍ ഇതുവഴി ഗതാഗതം അനുവദിക്കുന്നതില്‍ തീരുമാനമുണ്ടായില്ല. വ്യാഴാഴ്ച വിദഗ്ധ സമിതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. ജിയോളജി, മണ്ണ് സംരക്ഷണ, മോട്ടോർ വാഹന, തദ്ദേശ, പൊതുമരാമത്ത്, ദുരന്ത നിവാരണ, പൊലീസ്, ഫയര്‍ഫോഴ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹസാർഡ് അനലിസ്റ്റും ഒപ്പമുണ്ടായിരുന്നു. മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതെല്ലാം പരിഗണിച്ച് വിദഗ്ധ സമിതി വെള്ളിയാഴ്ച കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കുക.
നിലവില്‍ വേങ്ങര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാരാത്തോട് പാലത്തിലൂടെ മറ്റത്തൂര്‍വഴി ചുറ്റി പാണക്കാടേക്ക് കയറുകയാണ് ചെയ്യുന്നത്. തിരിച്ചും ഇങ്ങനെതന്നെ. ബസുകളും ഇതുവഴിയാണ് പോകുന്നത്. ഇവിടെ ചെറിയ റോഡായതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിന്റെ ശോച്യാവസ്ഥയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ചിലര്‍ കാരാത്തോട് – കോണോംപാറ റൂട്ടും തെരഞ്ഞെടുക്കുന്നുണ്ട്. നിരവധി കയറ്റങ്ങളുള്ളതിനാല്‍ വലിയ വാഹനങ്ങള്‍ ഇതുവഴി പോകാറില്ല.










0 comments