ad
Deshabhimani

സിയാദിന്റെ കസ്‌റ്റഡി മരണം

പ്രതിഷേധ ജ്വാലയായി 
എസ്‌പി ഓഫീസ്‌ മാർച്ച്‌

കുണ്ടറ പൊലീസിന്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ച സിയാദിന്റെ മരണത്തിനു ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടി
എടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൊട്ടാരക്കര റൂറൽ എസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌
avatar
സ്വന്തം ലേഖകൻ

Published on Aug 07, 2026, 01:02 AM | 2 min read


കൊല്ലം

കുണ്ടറയിൽ യുവാവ്‌ പൊലീസ്‌ കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ്‌ മരിച്ച സംഭവത്തിൽ പ്രതിഷേധ ജ്വാലയുയർത്തി സിപിഐ എം. പൊലീസ്‌ കസ്റ്റഡിയിലെടുത്ത സിയാദിനെ പൊലീസ്‌ ജീപ്പിൽവച്ച്‌ വാരിയെല്ല്‌ തകർത്ത്‌ കൊന്ന കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട്‌ കൊട്ടാരക്കരയിലെ റുറൽ എസ്‌പി ഓഫീസിലേക്ക്‌ സിപിഐ എം ജില്ലാ കമ്മിറ്റി ബഹുജന മാർച്ച്‌ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിനു ബഹുജനങ്ങൾ പങ്കെടുത്ത പ്രതിഷേധമാർച്ച്‌ മഴയിലും തളരാത്ത ആവേശത്തോടെ യുഡിഎഫ്‌ സർക്കാരിന്റെ പൊലീസ്‌ നയത്തിന്‌ ശക്തമായ താക്കീത്‌ നൽകി. സിപിഐ എം കൊട്ടാരക്കര എരിയ കമ്മിറ്റി ഓഫീസിന്‌ മുന്നിൽആരംഭിച്ച മാർച്ച്‌ എസ്‌പി ഓഫീസിനു സമീപത്തെ ഫോറസ്റ്റ് ഓഫീസിലെത്തിയപ്പോൾ ബാരിക്കേഡ് ഉയർത്തി പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ നടന്ന യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ സ്വാഗതം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, ജെ മേഴ്‌സിക്കുട്ടിഅമ്മ, എസ് ജയമോഹൻ, ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് എൽ സജികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ്‌ മാത്യൂ, എം ശിവശങ്കരപ്പിള്ള, ബി തുളസീധരക്കുറുപ്പ്‌, പി എ എബ്രഹാം, എസ്‌ വിക്രമൻ, ടി മനോഹരൻ, കെ സേതുമാധവൻ, ഏരിയ സെക്രട്ടറിമാരായ പി കെ ജോൺസൺ, ജെ രാമാനുജൻ, ആർ സുരേഷ്‌ബാബു, മുഹമ്മദ്‌ അസ്‌ലം, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ആർ അരുൺബാബു ജില്ലാ കമ്മിറ്റിഅംഗങ്ങൾ എന്നിവർ മാർച്ചിന്‌ നേതൃത്വം നൽകി. സിയാദിന്റെ മരണത്തിൽ കള്ളക്കഥ മെനഞ്ഞ്‌ കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുകയാണ്‌ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന്‌ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചാൽ വാരിയെല്ല്‌ പൊട്ടുന്നതെങ്ങനെയെന്നുള്ള ചോദ്യത്തിന്‌ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന്‌ എസ്‌ സുദേവൻ പറഞ്ഞു. സിയാദ്‌ മരിച്ച സംഭവത്തിൽ കുറ്റവാളികളായ എല്ലാ പൊലീസുകാരെയും ശിക്ഷിക്കണമെന്നും കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ജുൺ 17ന്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്ത സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലൈ 24നാണ്‌ മരിച്ചത്. സിയാദിനെ കസ്റ്റഡിയിലെടുക്കുന്പോൾ ദേഹപരിശോധനയോ മെഡിക്കൽ പരിശോധനയോ നടത്തിയില്ലെന്ന ഗുരുതര വീഴ്‌ചയുമുണ്ടായി. അസുഖലക്ഷണം കാണിച്ചിട്ടും മെഡിക്കൽ പരിശോധനയ്‌ക്കും പൊലീസ്‌ തയ്യാറായില്ല. പൊലീസ് ജീപ്പിൽ സിപിഒ എസ്‌ ശ്രീജിത് മർദിച്ചെന്ന്‌ സിയാദ് പറഞ്ഞതെന്നും അത്‌ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നതായും സിയാദിനെ ആദ്യം പരിശോധിച്ച ഡോക്ടർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിലാണ് വാരിയെല്ല് പൊട്ടിയതായും നട്ടെല്ലിന് ക്ഷതമേറ്റതായും കണ്ടെത്തിയത്. തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടി. കടുത്ത അണുബാധയെത്തുടർന്ന് നട്ടെല്ലിന്റെ ഭാഗത്തുനിന്ന് പഴുപ്പ് കുത്തിയെടുത്തെന്ന്‌ ബന്ധുക്കൾ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home