നീണ്ടകരയിലെ ബോട്ടപകടം
മകനുവേണ്ടി സമരമുഖത്തിറങ്ങി അമ്മ


സ്വന്തം ലേഖകൻ
Published on Aug 07, 2026, 01:05 AM | 1 min read
കൊല്ലം
ഏഴുനാൾ പിന്നിട്ടിട്ടും കടലിൽ കാണാതായ മകനെ കണ്ടെത്താത്തതോടെ സമരമുഖത്തിറങ്ങേണ്ടിവന്ന ഗതികേടിലാണ് ചവറ പുത്തൻതുറ സ്വദേശി രേഷ്മ. നീണ്ടകരയിൽ മീൻപിടിത്തത്തിനുപോയ ബോട്ട് അപകടത്തിൽപ്പെട്ട് അച്ഛൻ രാജീവനും ഭർത്താവ് രാധാകൃഷ്ണനും മരിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും മകന്‍ ഗൗതം കൃഷ്ണനെക്കുറിച്ച് വിവരം ലഭിക്കാതായതോടെ രേഷ്മ പ്രതിഷേധവുമായി അധികാരികൾക്കുമുമ്പിൽ എത്തുകയായിരുന്നു. വ്യാഴം ഉച്ചയോടെ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിയ രേഷ്മ തിരച്ചിൽ വിവരങ്ങൾ ആരാഞ്ഞു. എന്നാൽ, തിരച്ചിൽ നടക്കുന്നുണ്ടെന്നും കാലാവസ്ഥ പ്രതികൂലമാണെന്നുമുള്ള സ്ഥിരം വാദമായിരുന്നു മറുപടി. ഇതിനിടെ ഇതുവരെ പരാതി ലഭിച്ചില്ലെന്ന ഫിഷറീസ് ഉദ്യോഗസ്ഥയുടെ മറുപടി കേട്ടതോടെ രേഷ്മ പൊട്ടിത്തെറിച്ച് ചർച്ചനിർത്തി പുറത്തിറങ്ങി പ്രതിഷേധമാരംഭിച്ചു. മകനെ കണ്ടെത്തുംവരെ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച് പൊലീസ് സ്റ്റേഷനുമുമ്പിൽ കുത്തിയിരുന്നു. സമരത്തിനു പിന്തുണയുമായി മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകരും ഡിവൈഎഫ്‌ഐ പ്രവർത്തകരും രംഗത്തെത്തി. മുൻമന്ത്രിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജെ മേഴ്സിക്കുട്ടിഅമ്മയും കുടുംബത്തിനു പിന്തുണയുമായെത്തി. തുടർന്ന് കൊല്ലം എസിപി എസ് ഷാജി എത്തി ചർച്ച നടത്താൻ തയ്യാറായെങ്കിലും തിരച്ചിൽ വൈകിയതിനെക്കുറിച്ച് വ്യക്തമായ മറുപടിയില്ലായിരുന്നു. കടലിൽ അപകടം നടന്ന പ്രദേശത്ത് വല കുടുങ്ങികിടക്കുന്നയിടത്ത് തിരച്ചിൽ നടത്താൻ പൊലീസിന് സാധിച്ചിട്ടില്ല. കാലാവസ്ഥ പ്രതികൂലമായിരുന്നെന്നായിരുന്നു വിശദീകരണം. എന്നാൽ, ഏത് കാലാവസ്ഥയിലും തിരച്ചിൽ നടത്താൻ കഴിയുന്ന സേനയെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പരിശീലനം നൽകി ഒരുക്കിയിട്ടുണ്ടെന്നും അവരെ ഉപയോഗിക്കണമെന്നും മേഴ്സിക്കുട്ടിഅമ്മ ആവശ്യപ്പെട്ടു. തുടർന്ന് വെള്ളി രാവിലെ 6.30ന് തിരച്ചിൽ ആരംഭിക്കുമെന്ന എസിപിയുടെ ഉറപ്പുലഭിച്ചതോടെയാണ് രേഷ്മ സമരം അവസാനിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് ജയമോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു തുടങ്ങിയവരും സമരത്തിന് പിന്തുണയുമായെത്തി.










0 comments