നീറ്റ് ക്രമക്കേടിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം
ഭാവിക്കായി വിദ്യാർഥികൾ തെരുവിൽ

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് മലപ്പുറത്ത് എസ്‌എഫ്‌ഐ നടത്തിയ ജിഎസ്‌ടി ഓഫീസ് മാർച്ച്
സ്വന്തം ലേഖകർ
Published on May 14, 2026, 12:15 AM | 1 min read
തിരുവനന്തപുരം/ മലപ്പുറം
നീറ്റ് യുജി നടത്തിപ്പിലെ അഴിമതിയിലും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന മാർച്ച് നടത്തി. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സമരത്തെ അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വിദ്യാർഥികളെ പ്രകോപിപ്പിക്കാനും സംഘർഷം അഴിച്ചുവിടാനുമാണ് പൊലീസ് ശ്രമിച്ചത്.
കൊല്ലത്ത് കേന്ദ്രകമ്മിറ്റിയംഗം എസ് കെ ആദർശ് ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് മർദനമേറ്റു. കോട്ടയത്തെ പ്രതിഷേധത്തിൽ കേന്ദ്രകമ്മിറ്റി അംഗം ടോണി കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്‌ണവ് ഷാജി, ജില്ലാ ഭാരവാഹികളായ രാഹുൽ, അസ്‌ലം എന്നിവരുൾപ്പെടെ 16 പേരെ റിമാൻഡ് ചെയ്‌തു.
കൊല്ലം ചിന്നക്കടയിലെ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും തൃശൂർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും ഉദ്ഘാടനംചെയ്തു. നീറ്റിലെ അനാസ്ഥ അവസാനിപ്പിക്കുക, ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുക, പരീക്ഷാ സംവിധാനത്തെ നോക്കുകുത്തിയാക്കിയ എൻടിഎ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കും.നീറ്റ് പരീക്ഷാ അട്ടിമറി കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികളുടെ സ്വപ്നങ്ങളെയാണ് കരിനിഴലിലാക്കിയത്. ഇത്തവണ പരീക്ഷയെഴുതിയ ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ അനിശ്ചിതത്വത്തിന്റെ മുനമ്പിലാണ്.
മലപ്പുറത്ത് എസ്‌എഫ്‌ഐ ജിഎസ്‌ടി ഓഫീസ് മാർച്ച് നടത്തി. ജൂബിലി റോഡിൽനിന്നാരംഭിച്ച മാർച്ച് ജിഎസ്‌ടി ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. തുടർന്ന് പൊലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. ഏറെനേരം പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധം എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം പി അക്ഷര ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എം സുജിൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി ഗോകുൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ ആദിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി പി സിമി മറിയം നന്ദിയും പറഞ്ഞു.










0 comments