അസൂർ സംസ്‌കാരത്തെ തൊട്ട് ആർ ശരവണൻ

ആദിവാസി മഹോത്സവത്തിൽ അവതരിപ്പിച്ച അസൂർ നൃത്തം
കെ കെ രാമകൃഷ്ണൻ
Published on Sep 07, 2026, 12:00 AM | 1 min read
വേങ്ങര
ജാർഖണ്ഡിലെ പുരാതന ഗോത്രവിഭാഗമായ ‘അസൂർ' വംശത്തിന്റെ ജീവിതവും സംസ്കാരവും പഠിച്ച് അധ്യാപകൻ. ട്രൈബൽ മെറ്റൽ നോളജ് സൊസൈറ്റി എന്ന തന്റെ പ്രബന്ധത്തിന്റെ ഭാഗമായി തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ചരിത്ര വിഭാഗം അസി. പ്രൊഫസർ ആർ ശരവണനാണ് ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്.
മഹാശിലാ കാലഘട്ടത്തിൽ ഉദയംചെയ്ത അസൂർ ജനവിഭാഗമാണ് ലോകത്താദ്യമായി ഇരുമ്പയിര് വേർതിരിച്ചെടുക്കുകയും ആയുധങ്ങളുണ്ടാക്കിയെടുക്കുകയും ചെയ്‌തതെന്നും പറയപ്പെടുന്നു. കറുത്ത മണ്ണിൽനിന്നും കരിങ്കല്ലിൽനിന്നും അയിര് വേർതിരിച്ച് ആദ്യമായി ഇരുമ്പിന്റെ ഉറപ്പറിഞ്ഞവരാണ് ഇവർ.
ഡൽഹിയിലെ കുത്തബ് മിനാറിനരികെ തുരുമ്പെടുക്കാതെ നിൽക്കുന്ന ഇരുമ്പ് സ്തംഭത്തിനുപിന്നിൽ അസൂർ പൂർവികരുടെ വിയർപ്പിന്റെ ഗന്ധമുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു.
ആധുനിക ഫാക്ടറികളും യന്ത്രങ്ങളും കാടിന്റെ മക്കളെ പുറന്തള്ളിയതോടെ ഇവർ ഇന്ന് വനവിഭവങ്ങളെയും ചെറിയ കൃഷികളെയും ആശ്രയിച്ച് ജീവിക്കുകയാണ്. ഓസ്ട്രോ -ഏഷ്യാറ്റിക് ഭാഷാ കുടുംബത്തിൽപ്പെടുന്ന ‘അസൂരി' എന്ന അപൂർവ ഭാഷയും നാശത്തിന്റെ വക്കിലാണ്.
ജാർഖണ്ഡിലെ ഗുംല, ലോഹർദഗ, ലാതേഹാർ, പലാമു മലയോര ജില്ലകളിലെ വിദൂര ഗ്രാമങ്ങളിലാണ് ഇവർ പ്രധാനമായും കഴിയുന്നത്.
ആഗസ്ത് ഒന്പതിന് ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് നടന്ന രണ്ട് ദിവസത്തെ മെഗാ ഇവന്റിലാണ് പ്രധാനമായും ശരവണൻ ചിത്രീകരണം നടത്തിയത്.
പുരാവസ്തു വിജ്ഞാന ശാസ്ത്രത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയിൽനിന്ന് പരിശീലനം ലഭിച്ച വ്യക്തിയാണ് ആർ ശരവണൻ.
ആർ ശരവണൻ










0 comments