"ഹൃദ്യം' തുടിച്ചു 426 കുരുന്നുകളിൽ

അഖിൽ സദാശിവൻ..
Published on Sep 07, 2026, 12:23 AM | 1 min read
കൊല്ലം
സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ഒരുക്കുകയെന്ന ഉദ്ദേശത്തോടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ തുടിച്ചത് 426 കുരുന്നു ജീവനുകൾ. പദ്ധതി തുടങ്ങി ഒന്പതു വർഷത്തിൽ രജിസ്റ്റർ ചെയ്തത് 2351കുട്ടികൾ. ശസ്ത്രക്രിയക്ക് വിധേയരായത് 426കുട്ടികൾ. നവജാത ശിശുക്കൾ മുതൽ 18 വയസ്സുവരെയുള്ളവരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2026 ആഗസ്ത് വരെമാത്രം ഏഴു കുട്ടികൾക്കാണ് ശസ്ത്രക്രിയകൾ നടത്തിയത്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കൂടുതലും ശസ്ത്രക്രിയകൾ നടത്തിയത്. എൽഡിഎഫ് സർക്കാരിന്റെ കരുതൽ എൽഡിഎഫ് സർക്കാരിന്റെ കരുതലിന്റെ ഭാഗമായാണ് 2017 ആഗസ്‌തിൽ ഹൃദ്യം ആരംഭിച്ചത്. കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ സൗജന്യമായൊരു പദ്ധതിയുള്ളത്. സർക്കാർ, സ്വകാര്യ മേഖലയിലെ ഏഴ് ആശുപത്രികളാണ് ഹൃദ്യത്തിൽ എംപാനൽ ചെയ്തിട്ടുള്ളത്. ജില്ലയിൽ പദ്ധതിക്കായി എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളില്ല. പകരം ജില്ലയിൽ ഒമ്പത് സർക്കാർ പ്രസവ കേന്ദ്രങ്ങളാണുള്ളത്. ഇവിടെ പരിശോധന നടത്തിയാണ് ചികിത്സ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നത്. ആരോഗ്യമേഖലയ്ക്ക് ലഭിക്കേണ്ട ഫണ്ടുകൾ കേന്ദ്രം തടഞ്ഞപ്പോഴും ഹൃദ്യം മുടങ്ങാതിരിക്കാൻ രണ്ടാം എൽഡിഎഫ് സർക്കാർ ഫണ്ട് നൽകി പദ്ധതി മുന്നോട്ട് കൊണ്ടുപോയി .
രജിസ്റ്റർ ചെയ്യാം
http://hridyam.kerala.gov.inൽ സ്വന്തം നിലയിലും ഡിഇഐസിയുടെ സഹായത്തോടെയും രജിസ്റ്റർ ചെയ്യാം. ജില്ലയിൽ വിക്ടോറിയ ആശുപത്രിയിലാണ് ഡിഇഐസി. ഗർഭസ്ഥ ശിശുവിന് പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ ഫീറ്റൽ രജിസ്‌ട്രേഷൻ നടത്താം കൂടുതൽ വിവരങ്ങൾക്ക്: ദിശ ഫോൺ 1056, 0471 2552056









0 comments