പൂവേ പൊലി പൂവേ

മലപ്പുറം കുന്നുമ്മൽ എയുപി സ്‌കൂളിനുസമീപം ആരംഭിച്ച പൂക്കച്ചവടം
സ്വന്തം ലേഖിക
Published on Aug 19, 2026, 12:02 AM | 1 min read
മലപ്പുറം
ചെണ്ടുമല്ലികളും ജമന്തിയും ബംഗളൂരു മുല്ലയും വിപണിയിലെ താരങ്ങളായി കഴിഞ്ഞു. ഓണം കളറാക്കാൻ പൂക്കച്ചവടം പൊടിപൊടിക്കുകയാണ്. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് പൂക്കൾ എത്തുന്നത്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി കിലോയ്ക്ക് 160– 180 രൂപയാണ് വില. വാടമല്ലി 200 – 250 രൂപ, ജമന്തി 500– 600 രൂപ, അരളി 500 –600, റോസ് 500– 600, പലനിറങ്ങളിലുള്ള അസ്‌ട്ര 600 –700, മുല്ല–100 (ഒരുമീറ്റർ) എന്നിങ്ങനെയാണ് വില. എല്ലാ പൂക്കളും ഉൾപ്പെട്ട കിറ്റുകൾക്കാണ് ആവശ്യക്കാരേറെ. 50 രൂപയാണ് ചെറിയ കിറ്റിന്റെ വില. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലബ്ബുകളുടെയും മത്സരങ്ങൾക്കും ആഘോഷങ്ങൾക്കുമാണ് പൂക്കൾ ഇനം തിരിച്ച് വാങ്ങുന്നത്.
‘ഇതുവരെ മൂന്ന് ലോഡ് പൂക്കളാണ് എത്തിയത്. ആന്ധ്രയിൽനിന്ന് നേരിട്ടാണ് പൂക്കൾ എത്തിക്കുന്നത്. ഹോൾസെയിലായും റീട്ടൈയിലായും വിൽപ്പനയുണ്ട്. തിരുവോണം അടുക്കുന്തോറും വിൽപ്പന വർധിക്കും. വിലയിലും മാറ്റംവരും. രാവിലെ ആറുമുതൽ രാത്രി 11വരെ കച്ചവടമുണ്ട്’– കുന്നുമ്മൽ എയുപി സ്‌കൂളിനുസമീപം പൂവിപണി നടത്തുന്ന നിഖിൽ (ഡാലിയ) പറഞ്ഞു.
കളറാക്കാൻ കുടുംബശ്രീയും
തദ്ദേശവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ പൂക്കച്ചവടവും തകൃതിയാണ്. കുടുംബശ്രീ നിറപൊലിമ പദ്ധതിയിൽ 106.25 ഏക്കറിലാണ് കൃഷിയിറക്കിയത്. 419 കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലെ 1625 അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു കൃഷി. വള്ളിക്കുന്ന് സിഡിഎസിൽമാത്രം നാല് ഏക്കറിലാണ് കൃഷിയിറക്കിയത്. ബഡ്‌സ് സ്ഥാപനങ്ങളിൽനിന്നുള്ള പൂക്കളും കുടുംബശ്രീ ചന്തകളിലൂടെയാണ് വിൽപ്പന.










0 comments