ad
Deshabhimani

ടിക്കറ്റിന്‌ 10 ര‍ൂപ, അടിച്ചാൽ 5000

സ്‌റ്റാളുകളിലും എഴുത്തുലോട്ടറി വ്യാപകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 23, 2026, 12:39 AM | 2 min read

മലപ്പുറം

സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റ് നമ്പർ ഉപയോഗിച്ച്‌ ലോട്ടറി സ്‌റ്റാളുകളിലും എഴുത്തുലോട്ടറി വ്യാപകം. മൂന്ന് നമ്പറിലാണ് ഭാഗ്യപരീക്ഷണം. പഴയ എഴുത്തുലോട്ടറിയുടെ പുതിയ രൂപമാണ് അംഗീകൃത ലോട്ടറി സ്റ്റാളുകളിലടക്കം നടക്കുന്നത്. പരിശോധനയില്ലാത്തതിനാൽ ലോട്ടറി വിൽപ്പനയിനത്തിൽ സർക്കാരിന്‌ കിട്ടേണ്ട കോടികളാണ്‌ നഷ്ടമാകുന്നത്‌.

അടിച്ചാൽ പത്തുരൂപയ്ക്ക് 5000 രൂപ ലഭിക്കുമെന്നതിനാൽ ഈ അനധികൃത ലോട്ടറിക്കാണ് ആവശ്യക്കാരേറെയും. സംസ്ഥാന ലോട്ടറിയിൽ സമ്മാനം ലഭിക്കുന്ന നമ്പറിലെ അവസാന മൂന്നക്കത്തിനാണ് എഴുത്തുലോട്ടറിയിൽ സമ്മാനം. ദിനംപ്രതി നൂറുകണക്കിന് ‘ടിക്കറ്റ്' എടുത്ത് അനധികൃത ഓൺലൈൻ ലോട്ടറിയിൽ ആയിരങ്ങളാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്. വാട്സ് ആപ്, ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളാണ്‌ ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്‌. നേരിട്ടെത്തി എടുക്കുന്നവരും നിരവധി.

മൂന്ന് നമ്പറാണ് നിശ്ചിത സമയത്തിനുമുമ്പ് തെരഞ്ഞെടുക്കേണ്ടത്. സംസ്ഥാന ഭാഗ്യക്കുറിയിൽ അതത് ദിവസം സമ്മാനാർഹമാകുന്ന ടിക്കറ്റുകളുടെ അവസാന നമ്പറുകൾക്കാണ് സമ്മാനം. ചിലർ അവസാന മൂന്ന് നമ്പറാണെങ്കിൽ, മറ്റു ചിലർ നാല് നമ്പറും പരിഗണിക്കുന്നു. 5000 രൂപയാണ് ഒന്നാം സമ്മാനം. 500, 250, 100, 50, 20 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. ഒരു ടിക്കറ്റിന് പത്തുരൂപയാണ്.

സംസ്ഥാന ഭാഗ്യക്കുറിയിൽ 50 രൂപയ്ക്ക് ഒരു ടിക്കറ്റെടുക്കുമ്പോൾ ഇവിടെ അഞ്ചെണ്ണമെടുക്കാം. പത്തുമുതൽ മുകളിലോട്ടാണ് ഭൂരിഭാഗം പേരും ടിക്കറ്റെടുക്കുക. സംസ്ഥാന ഭാഗ്യക്കുറിയിൽ ഒരേ നമ്പറിലുള്ള ടിക്കറ്റ് കൂടുതൽ എണ്ണം (സെറ്റ്) എടുക്കുന്ന രീതിതന്നെയാണ് ഇവിടെയും. പത്തുരൂപയുടെ പത്ത് ടിക്കറ്റ് എടുക്കുന്നയാൾക്ക് ഒന്നാം സമ്മാനം അടിച്ചാൽ 50,000 രൂപ കിട്ടും. നറുക്കെടുത്ത് മണിക്കൂറുകൾക്കുള്ളിൽ പണം കൈയിലെത്തും. കൂടുതൽ ഏജന്റുമാരും പണം നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. ഏജന്റുമാർക്കും നല്ല കമീഷൻ ലഭിക്കുന്നുണ്ട്. വൻകിട സംഘങ്ങളാണ് പിന്നിൽ. സംസ്ഥാന ഭാഗ്യക്കുറി നമ്പർ ഉപയോഗിക്കുന്നതിനാൽ നറുക്കെടുപ്പ് ഉൾപ്പെടെയുള്ളവയിൽ ഇവർക്ക്‌ ഉത്തരവാദിത്തവുമില്ല.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് പരിശോധനാ സംവിധാനങ്ങളില്ലാത്തതാണ് സ്‌റ്റാളുകൾ കേന്ദ്രീകരിച്ചും സമാന്തര ലോട്ടറി തഴച്ചുവളരാനിടയാക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്ക്‌ പിടിയിലായാൽ ഏജൻസികളുടെ ലൈസൻസ്‌ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കാനാകും. എൽഡിഎഫ്‌ സർക്കാർ വകുപ്പുമേധാവികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ മോണിറ്ററിങ് സമിതികൾ രൂപീകരിച്ചിരുന്നു. ജില്ലാ പൊലീസ്‌ ചീഫ്‌, ഭാഗ്യക്കുറി ഓഫീസർ, കലക്ടർ, ജിഎസ്‌ടി ഓഫീസർ എന്നിവരടങ്ങിയതായിരുന്നു സമിതി. ഇ‍ൗ സമിതിയും ഇപ്പോൾ നോക്കുകുത്തിയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home