പരിസ്ഥിതിലോല പ്രദേശം
പന്തല്ലൂരിന് പറയാനുണ്ട് കൊടിയ പീഡനങ്ങളുടെ ചരിത്രം

ഗൂഡല്ലൂർ ഓവാലിയിൽ ജനവാസ മേഖലയിൽ വീടിനോട് ചേർന്ന് കഴിഞ്ഞ ദിവസം പട്ടാപ്പകൽ ഇറങ്ങിയ കടുവ
വി കെ ഷാനവാസ്
Published on Sep 07, 2026, 12:00 AM | 1 min read
എടക്കര
പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ നിലനിൽക്കുന്നത് ഫോറസ്റ്റ് രാജ്. കുടിയിറക്കിനെ പ്രതിരോധിച്ചതിന് 1981ൽ ജയിലിൽ കിടന്നത് 455 കർഷകർ.
എങ്ങും പരിശോധനകൾ, പീഡനങ്ങൾ, വഴിതടയൽ, നിർമാണം തടയൽ ഫോറസ്റ്റ് ഉദ്യോഗരുടെ നേതൃത്വത്തിൽ നടക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്ന നടപടികൾമാത്രം. ബെൽറ്റ് ഏരിയയായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് തമിഴ്നാട് സർക്കാർ പ്രത്യേകം പരിശീലനം നൽകിയ ഫോറസ്റ്റ് ഉദ്യോഗസ്ഥകരെയാണ് നിയമിക്കുന്നത്. 70 വർഷം കൈവശംവച്ചും കൃഷിചെയ്തുംവരുന്ന കർഷക ഭൂമിക്ക് പട്ടയമില്ല.
ഒരുഭാഗത്ത് കാട്ടാനയും കടവയും പുലിയും കാട്ടുപോത്തുമുൾപ്പെടെ വന്യജീവികളെ ഭയക്കണം. മറുഭാഗത്ത് കുടിയിറക്കൽ ഭീഷണിയും. ഒരായുസ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടമാണ് ഒരുദിനത്തിൽ തകർത്ത് വീടിന് തീയിട്ട് കുടിയിറക്കാൻ വരാറുള്ളത്. വനം വകുപ്പ് ആവശ്യപ്പെട്ടാൽ തമിഴ്നാട് പൊലീസും കുടിയിറക്കിനെത്തും.
കുടിയിറക്കിനെതിരെ പ്രക്ഷോഭം നടത്തിയ 455 പേരെയാണ് അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓവാലി, ചെളിവയൽ, അയ്യംകൊല്ലി, മച്ചിക്കൊല്ലി, മണ്ണുപൊയിൽ, എരുമാട്, പുത്തൂർ വയൽ പ്രദേശത്തെ കർഷകരെയാണ് ജയിലിലടച്ചത്. 15 ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ഈ സമയത്ത് അഞ്ച് കർഷകർ ആത്മഹത്യചെയ്‌തു. പീഡനമുറകളുടെ ഭീതിപ്പെടുത്തുന്ന ചരിത്രമാണ് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ കർഷക കുടുംബങ്ങൾക്ക് പറയാനുള്ളത്.
എന്നെ 1981ൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരുരാത്രികൊണ്ട് കുടിയിറക്കിയതാണ്. കൃഷിയിടം പൂർണമായും നശിപ്പിച്ചു. വീടിന് തീവച്ചു. കുടിയിറക്കിനെതിരെ പ്രക്ഷോഭത്തിൽ പങ്കാളിയായി. ഞാനും പിതാവ് മാത്യൂ, സഹോദരൻ ജേക്കബ് മാത്യൂ എന്നിവരെ കോയമ്പത്തൂർ ജയിലിലടച്ചു. 15 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. ഊട്ടി പൊലീസ് സ്റ്റേഷനിൽ ഇറക്കി ഒപ്പിട്ട് മടക്കിയയച്ചു. 62 കിലോമീറ്റർ നടന്നാണ് അന്ന് വീടുകളിലെത്തിയത്. ജയിലിലേക്കുകൊണ്ടുപോയ രണ്ട് നാൾ റേഷൻ അനുവദിച്ച് കിട്ടിയില്ലെന്ന് പറഞ്ഞ് ജയിലിൽ പട്ടിണിക്കിട്ടു. സമരത്തിൽ ഉറച്ചുനിന്നാണ് വീണ്ടും തീവെച്ച കുടിൽ കെട്ടിപ്പൊക്കി, കൃഷി പുനരുജീവിപ്പിച്ചത്. പിന്നീട് 1983ൽ ചോക്കാട് അധ്യാപകനായി ജോലി കിട്ടി മലപ്പുറം ജില്ലയിലെത്തി.
ബേബി മാത്യൂ, വെറ്റിലപ്പാറ
ഗൂഡല്ലൂർ കുടിയിറക്ക് സമരത്തിൽ പങ്കെടുത്തയാൾ










0 comments