പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ സിപിഐ എം നടത്തിയ പ്രതിഷേധക്കൂട്ടായ്‌മകളിൽ അണിനിരന്നത് പതിനായിരങ്ങൾ
അവഗണനയ്‌ക്കെതിരെ പ്രതിഷേധമിരമ്പി

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
Staff Reporters
Published on Sep 26, 2026, 01:00 AM | 3 min read
പാലക്കാട്/ഷൊർണൂർ
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയെ മൈസൂരുവിൽ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിലും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മയിൽ ആയിരങ്ങൾ അണിനിരന്നു. ഒലവക്കോട് (പാലക്കാട് ജങ്‌ഷൻ), ഷൊർണൂർ റെയിൽവേ സ്‌റ്റേഷനുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധം. ഒലവക്കോട് നടന്ന കൂട്ടായ്‌മയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും ഷൊർണൂരിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉദ്‌ഘാടനം ചെയ്‌തു. സ്‌ത്രീകളുൾപ്പെടെ പതിനായിരക്കണക്കിന് പ്രവർത്തകർ പ്രകടനമായാണ് സമരകേന്ദ്രങ്ങളിലെത്തിയത്. ഒലവക്കോട്ട് സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ് നന്ദിയും പറഞ്ഞു. എംഎൽഎമാരായ എ പ്രഭാകരൻ, പി പി സുമോദ്, കെ പ്രേംകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ചെന്താമരാക്ഷൻ എന്നിവർ പങ്കെടുത്തു. ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നടന്ന കൂട്ടായ്‌മയിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ശാന്തകുമാരി, സുബൈദ ഇസഹാഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ പി വിനയകുമാർ, വി കെ ചന്ദ്രൻ, ടി കെ നാരായണദാസ്, എം ഹംസ, കെ നന്ദകുമാർ, ടി ഗോപാലകൃഷ്ണൻ, മഹിളാ അസോസിയേഷൻ ജില്ലാ നിർവാഹക സമിതി അംഗം ഇ ഡി ശ്രീജ, ജില്ലാ കമ്മിറ്റി അംഗം എ ആനന്ദവല്ലി, ഒറ്റപ്പാലം ഏരിയ സെക്രട്ടറി പി സിന്ധു എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ആർ മുരളി സ്വാഗതവും ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
ഡിവിഷനും ഇല്ലാതാകും-ഇ എൻ സുരേഷ് ബാബു
പാലക്കാട് ഡിവിഷൻ തന്നെ വേണ്ടെന്ന തീരുമാനമായിരിക്കും ഭാവിയിൽ ഉണ്ടാകുകയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. ഷൊർണൂരിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കോൺഗ്രസ് സർക്കാരുകളും ഇപ്പോൾ ബിജെപിയും റെയിൽവേ വികസനത്തിൽ പ്രതികാര നിലപാടാണ് സ്വീകരിക്കുന്നത്. ഡിവിഷൻ വെട്ടിമുറിച്ചതിൽ പാലക്കാടിന്റെ എംപി കേന്ദ്രത്തിനെതിരായി ഒന്നും പറയുന്നില്ല. പകരം എൽഡിഎഫ് ഒന്നും ചെയ്‌തില്ലെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസും ബിജെപിയും ഒരുമിച്ചുള്ള ഭരണമാണ് കേരളത്തിൽ. ജില്ലയിലെ രണ്ടുമന്ത്രിമാരും ഇതിനെതിരെ അനങ്ങിയിട്ടില്ല. കേന്ദ്രത്തോട് സമരസപ്പെടുകയാണ് ഇവരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
തത്വങ്ങളുടെ ലംഘനം -എൻ എൻ കൃഷ്ണദാസ്
ഡിവിഷൻ വിഭജനം റെയിൽവേ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്‌ണദാസ് പറഞ്ഞു. വൈവിധ്യങ്ങൾ ഏറെയുള്ള രാജ്യത്തെയാകെ യോജിപ്പിക്കുക എന്ന ചുമതലകൂടി ഇന്ത്യൻ റെയിൽവേ നിർവഹിക്കുന്നുണ്ട്. ഭരണസൗകര്യത്തിനുവേണ്ടി ഡിവിഷനോ സോണോ രൂപീകരിക്കുമ്പോൾ ഭാഷ അടിസ്ഥാനത്തിലാകരുത് എന്നായിരുന്നു റെയിൽവേ നയം. ആ തത്വമാണ് ഇവിടെ ലംഘിക്കുന്നത്. യാത്രായിനത്തിൽ ഏറ്റവും വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനമായ കേരളത്തെയാണ് കേന്ദ്രം അവഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒലവക്കോട്ടെ സമരത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്‌ണദാസ്.
പൊതുസമൂഹം ഒപ്പം ചേരണം-സി കെ രാജേന്ദ്രൻ
ഡിവിഷൻ വിഭജനത്തിനെതിരെയുള്ള പോരാട്ടത്തിൽ പൊതുസമൂഹം ഒപ്പം ചേരണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ പറഞ്ഞു. ഒലവക്കോട് സമരത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻസികൾ അതിശക്തമായ സമരം നടത്തിയാണ് കേന്ദ്രമന്ത്രിയെ രാജിവയ്-പ്പിച്ചത്. ത്യാഗപൂർണമായ സമരങ്ങൾ നടത്തിക്കൊണ്ടുമാത്രമേ എന്തെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ കഴിയൂ. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കോൺഗ്രസ് എംപിമാർ ഒന്നും ചെയ്‌തില്ല. ജില്ലയുടെ വികസനത്തിനുവേണ്ടി ശക്തമായ പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരും. അതിന്റെ തുടക്കമാണ് ഇൗ സമരമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തീരുമാനം ഡീലിന്റെ ഭാഗം-കെ എസ് സലീഖ
കോൺഗ്രസ് ബിജെപിക്ക് കീഴ്പ്പെട്ട് ആർഎസ്എസിന്റെ നയങ്ങൾ കേരളത്തിൽ നടപ്പാക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖ പറഞ്ഞു. എല്ലാ രംഗത്തും അത് പ്രകടമാണ്. ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് കോൺഗ്രസ് ഒത്താശ ചെയ്തുകൊണ്ടിരിക്കുന്നുയെന്നത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബോധ്യപ്പെട്ടതാണ്. സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ഡീൽ കേരളത്തിന് ബോധ്യപ്പെട്ടു. കേരളത്തിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓരോ തീരുമാനങ്ങളും ബിജെപിയുമായുള്ള ഡീലിന്റെ ഉദാഹരണങ്ങളാണ്. ഇടതുപക്ഷത്തെ ഇല്ലാതാക്കുന്നതിനായി സിപിഐ എമ്മിനെ തകർക്കുക എന്ന ലക്ഷ്യംവച്ചാണ് ഇവർ നീങ്ങുന്നതെന്നും സലീഖ പറഞ്ഞു.
ലക്ഷ്യം സ്വകാര്യവൽക്കരണം-എം ബി രാജേഷ്
കേരളത്തിനുനേരെയുള്ള കേന്ദ്രത്തിന്റെ ആക്രമണ പരമ്പരയിലെ ഒരു ഭാഗമാണ് പാലക്കാട് ഡിവിഷൻ വിഭജനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് പറഞ്ഞു. ഒലവക്കോട്ടെ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവിഷൻ വിഭജിക്കുന്നതോടെ 115 കിലോമീറ്റർ പാതയും ആസ്‌തിയും വരുമാനവും മൈസൂരുവിന്റെ ഭാഗമാകും. വരുമാനം കുത്തനെ കുറഞ്ഞ് പാലക്കാട് ഡിവിഷന് ഒറ്റയ്‌ക്ക് നിൽക്കാനാവാതെ വരും. അപ്പോൾ പാലക്കാടും തിരുവനന്തപുരവും ചേർത്ത് കേരളത്തിന് ഒരു ഡിവിഷൻ മാത്രമായി മാറും. റെയിൽവേയുടെ സ്വകാര്യവൽക്കരണമാണ് ലക്ഷ്യം. ഡിവിഷൻ വിഭജനത്തിനെതിരെ ഒരു കത്തുകൊണ്ടുപോലും ബിജെപിയെ അലോസരപ്പെടുത്താനില്ല എന്നതാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ സമീപനമെന്നും എം ബി രാജേഷ് പറഞ്ഞു.










0 comments