ഓങ്കോളജി ബ്ലോക്ക് 11ന് സമർപ്പിക്കും

തിരൂർ
കാൻസറിന്റെ തുരന്നുകയറുന്ന വേദന അടക്കിപ്പിടിച്ച് ചികിത്സക്കായി മലപ്പുറത്തുകാർ ജനശതാബ്ദിയും പരശുറാം എക്സ്പ്രസും കയറി ഇനി ഇതര ജില്ലകളിലേക്ക് പോകേണ്ട. തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി ബ്ലോക്ക് 11ന് നാടിന് സമർപ്പിക്കും.
ഒമ്പതുനില കെട്ടിടത്തിൽ അത്യാധുനിക ഉപകരണങ്ങളും റേഡിയേഷൻ, ഹോർമോൺ, കീമോ തെറാപ്പി സൗകര്യം ഉൾക്കൊള്ളുന്നതാണ് പുതിയ ബ്ലോക്ക്. 100 കിടക്കകളുള്ള ബ്ലോക്കിൽ ദിവസം 60-80 പേർക്ക് ഒപി പരിശോധനയും നടക്കും. 30 ഡോക്ടർമാരുടെ സേവനവും ലഭിക്കും. സ്റ്റാഫ് നഴ്‌സ്, നഴ്സിങ് അസിസ്‌റ്റന്റ് എന്നിവരുടെ എണ്ണവും വർധിക്കും. ആദ്യഘട്ടത്തിൽ 30 കിടക്കകളാകും സജ്ജമാക്കുക. റേഡിയേഷൻ തെറാപ്പിക്കുള്ള സൗകര്യവുമൊരുക്കും. രോഗനിർണയം നടത്തുന്ന ലിനാക്ക് സംവിധാനവുമുണ്ടാകും.
2010ൽ അന്നത്തെ എംഎൽഎ പി പി അബ്ദുള്ളകുട്ടിയുടെ ശ്രമഫലമായാണ് തിരൂർ ജില്ലാ ആശുപത്രിയിൽ കാൻസർ വിഭാഗം ആരംഭിച്ചത്. രോഗികൾ വർധിച്ചതോടെ കഴിഞ്ഞ പിണറായി സർക്കാർ പ്രത്യേക കാൻസർ ബ്ലോക്കിന് അനുമതി നൽകി. 36 കോടി ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്.
ഓങ്കോളജി ബ്ലോക്ക് 11ന് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും. സ്വാഗതസംഘം യോഗത്തിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ നസീബ അസീസ്, തിരൂർ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ എന്നിവർ സംസാരിച്ചു.









0 comments