ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

ആവേശം പകരാൻ കോൽക്കളി ചുവടുകൾ

a

ചുമട്ട് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ദുൽഫുഖാർ സംഘം 
പ്രവർത്തകർ ന​ഗരത്തിൽ കോൽക്കളി പ്രദർശനത്തിനിടെ

avatar
ടി വി സുരേഷ്

Published on Sep 07, 2026, 12:00 AM | 1 min read

മഞ്ചേരി

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ ചുവടുമായി ദുൽഫുഖാർ കോൽക്കളി സംഘം. സമ്മേളന നഗരികളിലും പ്രചാരണ വേദികളിലും കോൽക്കളിയുടെ താളമേളങ്ങൾ മുഴക്കാനുള്ള ഒരുക്കത്തിലാണ് ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ.

കോൽക്കളിയുടെ പാരമ്പര്യം നാല് പതിറ്റാണ്ടിലേറെയായി കാത്തുസൂക്ഷിക്കുകയാണ് ദുൽഫുഖാർ സംഘം. മാടായി മുഹമ്മദ് ഗുരുക്കളുടെ ശിക്ഷണത്തിലാണ് സംഘത്തിന്റെ പരിശീലനം. ജാതി, മത, കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം മഞ്ചേരിയിലെ ചുമട്ടുതൊഴിലാളികളാണ് സംഘത്തിന്റെ കരുത്ത്.

ഏറെ കഠിനവും ആവേശകരവുമായ ഇരുപുറം മറി ശൈലിയാണ് സംഘം പിന്തുടരുന്നത്. കളത്തിലിറങ്ങുന്ന ഓരോരുത്തരുടെയും ചുവടും താളവും വേഗവും ഒരേ നിലയിലായിരിക്കണം. ഒരാളുടെ താളപ്പിഴപോലും കൂട്ടച്ചുവടിന്റെ ഭംഗിയെ ബാധിക്കും.

ജോലിത്തിരക്കുകൾക്കിടയിലും മഞ്ചേരി നിത്യമാർക്കറ്റിൽ ദിവസവും പരിശീലനമുണ്ട്‌. ചുമട്ടുതൊഴിലാളികളായ തോരപ്പ സമദ്, ഫൈസൽ നടുവത്ത്, ഉബൈദ് കോയ, ഹസ്കർ നടുവത്ത്, അഫ്സൽ സാദിഖ്, ഫൈസൽ ഉഴുന്നൻ, ഷാജി നടുവത്ത് എന്നിവരാണ് സംഘത്തിന്റെ കരുത്ത്. അനൗൺസർ മുഹമ്മദാലി വാളപ്ര, ചുമട്ടുതൊഴിലാളി ഏരിയാ കമ്മിറ്റി അംഗം സലീം മേമന എന്നിവർക്കൊപ്പം ഷിഹാബ്, ജമാൽ, ബഷീർ, റഷീദ് കുഞ്ഞിപ്പു, സക്കീർ, സലിം, മുനീർ, പ്രഭാകരൻ, ഷമീം, ഷൗക്കത്ത്, സൈദലവി, സഹൽ, സിദ്ധീഖ്, ഷറഫുദ്ധീൻ, നിസാർ എന്നിവരും സംഘത്തിന്റെ സ്ഥിരം സാന്നിധ്യമാണ്.

​മഞ്ചേരിയിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ വർഷങ്ങൾക്കുമുമ്പേതന്നെ കോൽക്കളിക്ക് വലിയ പ്രചാരമുണ്ടായിരുന്നു. അകാലത്തിൽ വിടപറഞ്ഞ ചുമട്ടുതൊഴിലാളി യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് ഷംസു പുന്നക്കൽ, മുൻ ജില്ലാ കമ്മിറ്റി അംഗം പാലോളി ഷൗക്കത്ത്, കഴിഞ്ഞ സമ്മേളനംവരെ സംഘത്തോടൊപ്പമുണ്ടായിരുന്ന തൊഴിലാളി മുഹമ്മദീസ എന്നിവരുടെ ഓർമകളും സംഘത്തിന് കരുത്തേകുന്നു.

കല്യാണവീടുകളിലും സാംസ്കാരിക ആഘോഷങ്ങളിലും ദുൽഫുഖാർ സംഘത്തിന്റെ കോൽക്കളി പതിവാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home