മലബാറിനോടുള്ള റെയിൽവേ അവഗണന: ഉപവാസവുമായി യാത്രക്കാർ

തിരൂർ
മലബാറിലെ ട്രെയിന്‍ യാത്രക്കാരോടുള്ള റെയില്‍വേയുടെ കടുത്ത അവഗണനക്കെതിരെ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഉപവാസ സമരത്തിലേക്ക്. നാലുഘട്ടങ്ങളിലായി തിരൂരിലും കോഴിക്കോട്ടും പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്തും പ്രതിഷേധസമരം നടത്തിയെങ്കിലും അവഗണന തുടരുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്.
24ന് ഭാരവാഹികള്‍ പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്ത് ഉപവാസമിരിക്കും. ഷൊർണൂരിൽനിന്ന് വൈകിട്ട് 5.45നും 6.45നും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന രണ്ട് ട്രെയിനുകൾ റെയിൽവേ ഒറ്റയടിക്ക് നിർത്തലാക്കി മലബാറിലെ ജനങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു.
പാളം അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തലാക്കിയ പാസഞ്ചറുകൾ പ്രവൃത്തി കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. വൈകിട്ട് 4.20ന് ശേഷം പിന്നീട് 8.40നാണ് കോഴിക്കോട്ടേക്ക് ട്രെയിനുള്ളത്. നാല് മണിക്കൂറോളമാണ് സ്ത്രീകളും വിദ്യാര്‍ഥികളും ഉൾപ്പെടുന്ന ആയിരക്കണക്കിന് സാധാരണ യാത്രക്കാർ ട്രെയിനിനായി കാത്തുനിൽക്കേണ്ടത്. ഈ സാഹചര്യത്തിലാണ് മലബാർ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ ഉപവാസം സംഘടിപ്പിക്കുന്നത്. എക്‌സിക്യൂട്ടീവ് യോഗത്തിൽ കെ രഘുനാഥ് അധ്യക്ഷനായി.









0 comments