ad
Deshabhimani

കോഴിക്കുഞ്ഞിനും തീറ്റയ്‌ക്കും വിലക്കയറ്റം

അടച്ചുപൂട്ടാനൊരുങ്ങി ഫാമുകൾ

a
avatar
ആർ ഹനീഷ്‌കുമാർ

Published on Sep 07, 2026, 12:05 AM | 1 min read

മലപ്പുറം

കോഴിക്കുഞ്ഞിന്റെയും കോഴിത്തീറ്റയുടെയും വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാനാകാതെ സംസ്ഥാനത്തെ കോഴിഫാമുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കേരള പ‍ൗൾട്രി ഫാർമേഴ്‌സ്‌ അസോസിയേഷൻ കണക്കുപ്രകാരം 3,84,000 ഫാമുകളാണ്‌ സംസ്ഥാനത്താകെയുള്ളത്‌. എന്നാൽ പ്രതിസന്ധിയേറിയതോടെ 85000ത്തോളം ഫാമുകൾ പ്രവർത്തിക്കുന്നില്ല. കോഴിക്കുഞ്ഞിനും കോഴിത്തീറ്റക്കും തമിഴ്‌നാട്‌ കേന്ദ്രമാക്കിയുള്ള കന്പനികളെ ആശ്രയിക്കേണ്ടിവരുന്നതാണ്‌ പ്രതിസന്ധി. നിലവിൽ കോഴിക്കുഞ്ഞിന്റെയും കോഴിത്തീറ്റയുടെയും വില നിയന്ത്രിക്കുന്നത്‌ തമിഴ്‌നാട്‌ ബ്രോയിലർ കോ– ഓര്‍ഡിനേഷൻ കന്പനിയാണ്‌. ചോളം, മെയ്സ്, തവിട്, മൊളാസസ്, കപ്പലണ്ടി, കപ്പപ്പൊടി എന്നിവയുടെ ലഭ്യതക്കുറവാണ് കോഴിത്തീറ്റയുടെ വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ്‌ ഇവർ പറയുന്നത്‌.

സംസ്ഥാനത്ത്‌ 14 ലക്ഷം കുടുംബങ്ങളാണ്‌ കോഴിവളർത്തൽ മേഖലയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്നത്‌. ഏകദേശം 15 ലക്ഷം കിലോ കോഴിയിറച്ചി ഒരുദിവസം ആവശ്യമുണ്ടെന്നാണ്‌ കണക്ക്‌. ഞായറാഴ്ചയും മറ്റ്‌ വിശേഷ ദിവസങ്ങളിലും ഇത്‌ ഇരട്ടിയോളം വരും. പ്രതിവർഷം ഏകദേശം 18,000 കോടിയുടെ വിറ്റുവരവുണ്ടെന്നാണ്‌ കണക്ക്‌.

കോഴിക്കുഞ്ഞിനും തീറ്റയ്‌ക്കും വിലസ്ഥിരതയില്ലാത്തതാണ്‌ ഫാമുകൾ പലപ്പോഴും അടച്ചുപൂട്ടലിലേക്ക്‌ നീങ്ങുന്നത്‌. 1800 രൂപയുണ്ടായിരുന്ന 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2500 രൂപക്ക് മുകളിലെത്തി. മൂന്നുമാസത്തിനിടെ തീറ്റക്കുമാത്രം 700 രൂപയുടെ വർധനയുണ്ടായി. 18 രൂപയുണ്ടായിരുന്ന ഒരു കോഴിക്കുഞ്ഞിന്റെ നിലവിലെ വില 42 രൂപയിലെത്തി. ഏകദേശം 38മുതൽ – 40 ദിവസംവരെ വളർച്ചയുള്ള കോഴികളെയാണ്‌ വിൽപ്പനക്ക്‌ എത്തിക്കുന്നത്‌. കോഴിക്കുഞ്ഞിന്റെ വില, വളർച്ചയെത്തുന്നതുവരെയുള്ള തീറ്റ, പരിചരണം, മറ്റ്‌ ചെലവുകൾ ഉൾപ്പെടെ ഒരു കോഴിക്ക്‌ 118 രൂപയോളം ചെലവുവരുന്നുണ്ട്‌. അടുത്തിടെ 56 രൂപയ്‌ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം വളർത്തി 76 രൂപക്ക് വീൽക്കേണ്ട സ്ഥിതിയുമുണ്ടായിട്ടുണ്ട്‌.

കോഴിഫാമുകൾക്ക്‌ ഏർപ്പെടുത്തിയിട്ടുള്ള അധിക നികുതിയും ലൈസൻസ്‌ ഫീസും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഫീസും ലഘൂകരിച്ചാൽ വൻ നഷ്ടങ്ങളിൽനിന്ന്‌ ഇ‍ൗ മേഖല രക്ഷപ്പെടുമെന്ന്‌ കേരള പ‍ൗൾട്രി ഫാർമേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാദറലി വറ്റലൂർ പറഞ്ഞു. മറ്റ്‌ കർഷകർക്കുള്ള ആനുകൂല്യം കോഴി കർഷകർക്കും ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home