ad
Deshabhimani

ട്രോളിങ്‌ നിരോധം 9ന് അർധരാത്രിമുതൽ

വരുന്നത് 
വറുതിയുടെ കാലം

a
avatar
പി എ സജീഷ്‌

Published on Jun 03, 2026, 12:58 AM | 1 min read

പൊന്നാനി

ട്രോളിങ്‌ നിരോധം 9ന്‌ അർധരാത്രിമുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രിവരെ 52 ദിവസമാണ്‌ നിരോധം. ജില്ലയിലെ മുഴുവൻ ട്രോളിങ്‌ ബോട്ടുകളും ഒന്പതിന്‌ വൈകിട്ടോടെ തീരമണയും. ഇന്ധനവില വർധനവിൽ നട്ടംതിരിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലമാണ്. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുൾപ്പെടെ മുഴുവൻ ബോട്ടുകളും 9ന് രാത്രിയോടെ തീരത്തടുപ്പിക്കാൻ ഫിഷറീസ് നിർദേശം നൽകി. വലുതും ചെറുതുമായ ഇരുന്നൂറോളം ട്രോളിങ്‌ ബോട്ടുകളാണ് ജില്ലയിലുള്ളത്.

​നടുവൊടിച്ച് ഇന്ധനവില വർധന

​കഴിഞ്ഞ മൂന്നാഴ്ചകൊണ്ട്‌ എട്ടര രൂപയുടെ വർധനയാണ് ഡീസലിനുണ്ടായത്. 95ൽനിന്ന്‌ 103.40 രൂപയിലെത്തി. കനത്ത ചൂടിൽ മത്സ്യങ്ങൾ ഉൾവലിഞ്ഞതോടെ മത്സ്യലഭ്യത കുറവിൽ ആടിയുലഞ്ഞ ബോട്ടുകൾക്ക് ഇന്ധനവില വർധന താങ്ങാവുന്നതിന്‌ അപ്പുറമാണ്‌. ദിവസങ്ങളോളം ആഴക്കടലിൽ വലയെറിയുന്ന വലിയ ബോട്ടുകളാണ് ഏറെയും പ്രതിസന്ധിയിലായത്. ഒരുദിവസം നിൽക്കണമെങ്കിൽ 500 ലിറ്റർ ഡീസൽ വേണം. നാലും അഞ്ചും ദിവസം തങ്ങുന്നവർക്ക് 2500 ലിറ്റർ. അധികമായി ഡീസലിനുമാത്രം ചെലവ് വരുന്നത് 21,000 രൂപ. ചെലവ് കഴിച്ച് കിട്ടുന്ന ലാഭത്തിന്റെ 55 ശതമാനം ബോട്ടുടമക്കും 45 ശതമാനം തൊഴിലാളികൾക്കുമാണ്. അതുകൊണ്ട്‌ ബോട്ടുടമകൾക്കും തൊഴിലാളികൾക്കും നഷ്ടം ഒരുപോലെയാണ്. നഷ്ടം സഹിക്കാനാകാതെ പല ബോട്ടുകളും നങ്കൂരമിട്ടു.

​ദുരിതനാളുകൾ

ഇത്തവണ ഇന്ധനവില വർധനക്കുപുറമെ മത്സ്യലഭ്യതയുടെ കുറവും പ്രതിസന്ധിക്ക് ആഴംകൂട്ടി. സാധാരണ ട്രോളിങ്‌ തുടങ്ങുന്ന സമയങ്ങളിലാണ് ആവശ്യത്തിന് മത്സ്യങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ‍, ഇത്തവണ പതിവ് തെറ്റി. ടോളിങ്‌ നിരോധകാലം ബോട്ടുടമകൾക്കും സാമ്പത്തിക പ്രതിസന്ധിയുടേതാണ്‌. ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത് ഈ സമയത്താണ്. ഇതിനായി മാത്രം ലക്ഷങ്ങൾ വേണം. വലയുടെ കേടുപാട്‌ തീർക്കാനും യന്ത്രങ്ങൾ നന്നാക്കാനും വലിയ തുക വേറെയും കണ്ടെത്തണം.

​നിയമംലംഘിച്ചാല്‍ ബോട്ടുകള്‍ പിടിച്ചെടുക്കും

നിരോധം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കാൻ നടപടി സ്വീകരിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് പറഞ്ഞു. പട്രോളിങ്‌ ശക്തമാക്കും. ഇതിനായി താനൂരിലും പൊന്നാനിയിലും ഓരോ ബോട്ടുകളിലും പരിശോധന നടത്തും. പൊന്നാനിയിലും താനൂരിലുമായി നാലുവീതം റസ്ക്യൂ ഗാർഡുമാരെയും നിയമിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി. ഫോണ്‍: 0494 -2667428.


a





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home