ad
Deshabhimani

സാറ്റ് തിരൂരോ ഇഎംഇഎ കോളേജ് കൊണ്ടോട്ടിയോ ?

എലൈറ്റ് ഫുട്ബോള്‍ 
ചാമ്പ്യനെ ഇന്നറിയാം

a
avatar
സ്വന്തം ലേഖകന്‍

Published on May 25, 2026, 12:08 AM | 1 min read

മലപ്പുറം

എലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരെ തിങ്കളാഴ്ച അറിയാം. സാറ്റ് തിരൂരോ കൊണ്ടോട്ടി ഇഎംഇഎ കോളേജോ കിരീടം ചൂടുമെന്നുറപ്പായി. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂർണമെന്റിൽ ഞായറാഴ്ച ബാസ്കോ ഒതുക്കുങ്ങലിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് സാറ്റ് തിരൂര്‍ വിജയിച്ചതോടെയാണ് മത്സരചിത്രം തെളിഞ്ഞത്. 12 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് സാറ്റ്. 10 പോയിന്റോടെ രണ്ടാംസ്ഥാനത്തുള്ള കൊണ്ടോട്ടിയുടെ അവസാന മത്സരം തിങ്കളാഴ്ചയാണ്. സോക്കര്‍ ക്ലബ് മലപ്പുറത്തിനെതിരെ ജയിച്ചാല്‍ എലൈറ്റ് കിരീടം നേടാം. പരാജയപ്പെട്ടാലോ സമനില വഴങ്ങിയാലോ സാറ്റ് തിരൂരാകും ചാമ്പ്യന്മാര്‍. വൈകിട്ട് 4.30നാണ് നിര്‍ണായക മത്സരം. കിരീടം നേടുന്ന ടീം കെപിഎല്‍ യോഗ്യതാ റൗണ്ടിലേക്ക് പ്രവേശിക്കും.

ഞായറാഴ്ച കളിക്കളത്തില്‍ സാറ്റ് തിരൂരിനായിരുന്നു പൂര്‍ണാധിപത്യം. ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ നേടി. ഇതില്‍ രണ്ടെണ്ണം ഫ്രീകിക്കുകളില്‍നിന്നായിരുന്നു. ഇടവേളയ്ക്ക് പിരിയാന്‍ മിനിറ്റുകള്‍ ശേഷിക്കെ മൂന്നാമത്തെ ഗോള്‍ വീഴ്‌ത്തി സാറ്റ് ആധിപത്യം ഉറപ്പിച്ചു. രണ്ടാംപകുതിയില്‍ രണ്ട് ഗോളുകള്‍കൂടി അടിച്ചു. അബ്ദുള്ള ഹംദ്, സി പ്രജുല്‍, എബിന്‍ സജി, വി അവിനാഷ്, വി ബാസില്‍ എന്നിവരാണ് ഗോള്‍വേട്ടക്കാര്‍.

സാറ്റ് തിരൂര്‍ ജയിച്ചതോടെ സ്പോര്‍ട്ടിങ് ക്ലബ് മലപ്പുറത്തിന്റെ കിരീട പ്രതീക്ഷ പൊലിഞ്ഞു. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തായി. മഴകാരണം മാറ്റിവച്ച ബാസ്കോ ഒതുക്കുങ്ങലും റോയല്‍ എഫ്സി മഞ്ചേരിയും തമ്മിലുള്ള മത്സരം ചൊവ്വാഴ്ച നടക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ അവസാനസ്ഥാനക്കാരായ രണ്ട് ടീമുകളെ എ ഡിവിഷനിലേക്ക് തരംതാഴ്‌ത്തും. സോക്കര്‍ ക്ലബ് മലപ്പുറം, റോയല്‍ എഫ്സി മഞ്ചേരി, ബാസ്കോ ഒതുക്കുങ്ങല്‍ എന്നിവയില്‍ രണ്ടെണ്ണം എ ഡിവിഷനിലേക്ക് വീഴും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home