ad
Deshabhimani

മുഖ്യമന്ത്രിയുടെ വിരുന്നുസൽക്കാരവും ദുരൂഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകന്‍.....

Published on Aug 03, 2026, 12:28 AM | 2 min read

മലപ്പുറം

സംസ്ഥാനമാകെ ദുരന്തമുഖത്ത്‌ നിൽക്കുന്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ പൊന്നാനിയിൽ യൂത്ത്‌ ലീഗ്‌ നേതാവിന്റെ വീട്ടിലെ വിരുന്നുസൽക്കാരത്തിനെത്തിയതിൽ കോൺഗ്രസിൽ അതൃപ്‌തി. ജില്ലാ നേതൃത്വത്തെപ്പോലും അറിയിക്കാതെയായിരുന്നു യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിലെ സന്ദർശനം. മുഖ്യമന്ത്രിയുടെ വിശ്വസ്‌തൻ കെ പി ന‍ൗഷാദലി എംഎൽഎയാണ്‌ സൽക്കാരം ആസൂത്രണംചെയ്‌തത്‌.

ശനി പകൽ മൂന്നരയോടെയാണ്‌ മുഖ്യമന്ത്രി ഫൈസൽ ബാഫഖി തങ്ങളുടെ വീട്ടിലെത്തിയത്‌. തൃശൂരിൽനിന്നുമാണ്‌ മുഖ്യമന്ത്രി പൊന്നാനിയിൽ എത്തിയത്‌. ജില്ലയിൽ മറ്റു പരിപാടികളൊന്നുമില്ലാതിരുന്നിട്ടും വിരുന്നിൽ പങ്കെടുക്കാനായിമാത്രമായിരുന്നു പൊന്നാനി സന്ദർശനം. ഭക്ഷണശേഷം അടച്ചിട്ടമുറിയിൽ തങ്ങളുമായി ചർച്ചയും നടത്തി. സ‍ൗഹൃദ കൂടിക്കാഴ്‌ചയായിരുന്നുവെന്ന്‌ അവകാശപ്പെടുമ്പോഴും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന്‌ കോൺഗ്രസ്‌ വൃത്തങ്ങൾതന്നെ സമ്മതിക്കുന്നുണ്ട്‌. അറിയപ്പെടുന്ന റിയൽ എസ്‌റ്റേറ്റ്‌ ബിസിനസുകാരനാണ്‌ ഫൈസൽ ബാഫഖി തങ്ങൾ. ചടങ്ങിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും റിയൽ എസ്റ്റേറ്റ്‌ ബിസിനസുകാരായിരുന്നു.

പൊന്നാനി എംഎൽഎ കെ പി ന‍ൗഷാദലി ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയോടോ, മുതിർന്ന കോൺഗ്രസ്‌ നേതാക്കളോടെ കൂടിയാലോചിക്കാതെ പ്രവർത്തിക്കുന്നതായി നേരത്തെ വിമർശമുണ്ട്‌. ഡിസിസി പ്രസിഡന്റ്‌ വി എസ്‌ ജോയ്‌ തവനൂർ എംഎൽഎയായതോടെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിക്ക്‌ നാഥനില്ലാത്ത അവസ്ഥയാണ്‌. ഇ‍ൗ അവസരം മുതലെടുത്താണ്‌ ന‍ൗഷാദലിയും സംഘവും പ്രവർത്തിക്കുന്നത്‌. ഇവരുടെ ഗൂഢപദ്ധതിയുടെ ഭാഗമാണ്‌ മുഖ്യമന്ത്രിയുടെ സന്ദർശനമെന്നാണ്‌ സംസാരം.



വീടും സ്ഥലവും കടലെടുത്തു: ‘നോ കമന്റ്‌സ്‌’ എന്ന് മുഖ്യമന്ത്രി

പൊന്നാനി

തിരയെടുത്ത കടലോര ജീവിതത്തിനുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ജനതയോട് മുഖംതിരിച്ച്‌ മുഖ്യമന്ത്രി. പൊന്നാനിയിൽ കടലാക്രമണം രൂക്ഷമാണെന്നും നിരവധി വീടുകൾ കടലെടുത്തെന്നും മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ‘നോ കമന്റ്‌സ്‌’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ പി നൗഷാദലി എംഎൽഎക്കൊപ്പം മുഖ്യമന്ത്രി പൊന്നാനിയിലെത്തുമ്പോൾ കടൽക്കലിയിൽ വിറങ്ങലിച്ചുനിൽക്കുകയായിരുന്നു തീരം. അഞ്ച് വീടുകളാണ് പൂർണമായും കടലെടുത്തത്.

മുഖ്യമന്ത്രി വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുമ്പോൾ കടലെടുത്ത വീട്ടിൽനിന്ന് കിട്ടിയതെല്ലാം കൈയിലെടുത്ത് വാടകവീട്ടിലേക്കും ബന്ധുവീട്ടിലേക്കും താമസം മാറാനുള്ള നെട്ടോട്ടത്തിലായിരുന്നു കുടുംബങ്ങൾ. ഈ സമയത്താണ് പൊന്നാനിയുടെ സാഹചര്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി അവഗണിച്ചത്. ദുരന്തനിവാരണത്തിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥ സംവിധാനങ്ങളും മുഖ്യമന്ത്രിക്കുള്ള അകമ്പടി സേവനത്തിലായിരുന്നു എന്നും വ്യാപക വിമർശമുണ്ട്. ദുരന്തമുഖത്ത്‌ എത്താനോ താമസ സൗകര്യം ഒരുക്കാനോ തയ്യാറാവാതെ മുഖ്യമന്ത്രിയുടെ സുരക്ഷക്ക് കാവലൊരുക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഡോഗ് സ്ക്വാഡും പൊലീസും ഫയർഫോഴ്‌സും ആംബുലൻസും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ യൂത്ത് ലീഗ് നേതാവിന്റെ വീടിനുമുന്നിൽ തമ്പടിച്ചതോടെയാണ് മുഖ്യമന്ത്രി എത്തുന്നുണ്ടന്ന് പ്രവർത്തകർ അറിഞ്ഞത്. സംസ്ഥാന സർക്കാരിനുകീഴിലെ ആദ്യ കപ്പൽ നിർമാണശാല പൊന്നാനിയിൽ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി പ്രതികരിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home