ad
Deshabhimani

ഇന്‍സെന്റീവ് കുടിശ്ശിക 21.83 കോടി

അങ്കണവാടി ജീവനക്കാര്‍ 'ആപ്പില്‍'

a
avatar
പി അഭിഷേക്‌

Published on May 17, 2026, 12:15 AM | 1 min read

മലപ്പുറം

"പോഷണ്‍ ട്രാക്കര്‍' ആപ്പ്‌ ഉപയോഗിക്കുന്നതിന് അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട ഇന്‍സെന്റീവ് കുടിശ്ശികയായിട്ട് 88 മാസം. ജില്ലയില്‍മാത്രം 21.83 കോടി രൂപയാണ് വിതരണംചെയ്യാനുള്ളത്. വര്‍ക്കര്‍ക്ക് 500 രൂപയും ഹെല്‍പ്പര്‍ക്ക് 250 രൂപയുമാണ് പ്രതിമാസ ഇന്‍സെന്റീവ്. ഇതുപ്രകാരം ഒരുവര്‍ക്കര്‍ക്കുള്ള 44,000 രൂപയും ഹെല്‍പ്പര്‍ക്കുള്ള 22,000 രൂപയും കുടിശ്ശികയായി. ജില്ലയില്‍ 3308വീതം വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമുണ്ട്.

ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്കും അങ്കണവാടി വഴി നല്‍കുന്ന പോഷകാഹാരത്തിന്റെ വിവരങ്ങള്‍ "പോഷണ്‍ ട്രാക്കര്‍' ആപ്പില്‍ സമര്‍പ്പിക്കണം. ഇതിനാണ് ഇന്‍സെന്റീവ് നല്‍കുന്നത്. 2019ലാണ് കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ഒരുമൊബൈല്‍ ഫോണും ബിഎസ്എന്‍എല്‍ സിമ്മും അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കി. സിം റീ ചാര്‍ജ് ചെയ്യേണ്ടത് ജീവനക്കാരാണ്. 2ജി സേവനംമാത്രമുള്ള ഫോണില്‍ ആപ്പ് ഉപയോഗിക്കാനാകുന്നില്ല. അതുകൊണ്ട് പലരും സ്വന്തം ഫോണാണ് ഉപയോഗിക്കുന്നത്. വിവരങ്ങള്‍ പഴയരീതിയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. ഇത് ഇരട്ടിപ്പണിയാണ്. തിരിച്ചറിയല്‍ അടയാളമായി ഗുണഭോക്താക്കളുടെ ഫോട്ടോ എടുക്കണം (ഫേസ് റെക്കഗനേഷന്‍). എന്നാല്‍, ജില്ലയില്‍ പലരും ഇതിന് സമ്മതിക്കാത്തത് ഗുണഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു.

ഹോണറേറിയം കുടിശ്ശികയില്ലാതെ ലഭിക്കുന്നതാണ് അങ്കണവാടി ജീവനക്കാര്‍ക്ക് ആശ്വാസം. 10 വര്‍ഷം പൂര്‍ത്തിയായ വര്‍ക്കര്‍മാര്‍ക്ക് 15,000 രൂപയും 10 വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ക്ക് 14,500 രൂപയുമാണ് ലഭിക്കുന്നത്. ഹെല്‍പ്പര്‍മാര്‍ക്ക് യഥാക്രമം 10,500 രൂപയും 10,000 രൂപയുമാണ്. ഇതില്‍ വര്‍ക്കര്‍മാര്‍ക്ക് 2700 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 1350 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. സംസ്ഥാന വിഹിതം പത്താം തീയതിക്കുള്ളില്‍ ലഭിക്കുന്നുണ്ടെങ്കിലും കേന്ദ്രവിഹിതത്തിന് 25വരെ കാത്തിരിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home