ad
Deshabhimani

ജീവിതം വീണ്ടും 'വെളിച്ചമില്ലാത്ത വഴിയില്‍'

a

ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ചുണ്ടക്കുന്നിലെ വീട്ടിലേക്ക് കയറിപ്പോകുന്ന പറങ്ങോടത്ത് ജമീല

avatar
സ്വന്തം ലേഖകന്‍.....

Published on Aug 06, 2026, 01:05 AM | 1 min read

മലപ്പുറം

പാണക്കാട് ഡിയുഎച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് "വെളിച്ചമില്ലാത്ത വഴി'യിലേക്കാണ് ചുണ്ടക്കുന്നിലെ പറങ്ങോടത്ത് ജമീല മടങ്ങിയത്. ചെങ്കുത്തായ മലഞ്ചെരുവിലെ വീട്ടിലേക്കുള്ള വഴിയിലെ തെരുവുവിളക്ക് കണ്ണടച്ചിട്ട് മാസങ്ങളായി. കുത്തനെയുള്ള കുന്ന് കയറാന്‍ ചെത്തിമിനുക്കിയ പടികളില്ല. മലഞ്ചെരുവിലെ പാറകളില്‍ ചവിട്ടി കയറിയെത്തുന്നത് വീണ്ടും ഇരുട്ടിലേക്കുതന്നെ. പലപ്രാവശ്യം വിവരമറിയിച്ചിട്ടും ചെയര്‍പേഴ്സണിന്റെ സ്വന്തം വാര്‍ഡിലെ തെരുവുവിളക്ക് നന്നാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രായമായ ജമീലയും മകള്‍ റഷീദയും മാത്രമാണ് വീട്ടില്‍ താമസം.

രണ്ടുഭാഗത്തും കാടുപിടിച്ചുകിടക്കുന്ന ഇടവഴിയായതിനാല്‍ രാത്രികാലങ്ങളില്‍ വീട്ടിലേക്ക് കയറുക ബുദ്ധിമുട്ടാണ്. മൊബൈല്‍ ഫോണിന്റെയോ മെഴുകുതിരിയുടെയോ വെളിച്ചത്തില്‍ വേണം നടക്കാന്‍. മഴക്കാലമായതിനാല്‍ ഇഴജന്തുക്കളുണ്ടാകുമോയെന്ന ആശങ്ക വേറെയും. ജമീലയുടേത് ഉള്‍പ്പെടെ മൂന്ന് വീടുകളാണ് ഈ കുന്നിനുമുകളിലുള്ളത്. കെഎസ്ഇബി ഓഫീസില്‍ അറിയിച്ചപ്പോള്‍ നഗരസഭയുടെ നിര്‍‌ദേശമില്ലാതെ വിളക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. നഗരസഭയില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും ജമീല പറയുന്നു. ഒതുക്കുങ്ങല്‍ മുനമ്പത്ത് വാടകവീട്ടിലായിരുന്ന കുടുംബം ഒരുവര്‍ഷംമുമ്പാണ് പുതിയ വീടുവച്ച് ചുണ്ടക്കുന്നിലേക്ക് താമസം മാറിയത്. പാണക്കാട് എടായിപ്പാലത്ത് മണ്ണിടിച്ചലുണ്ടായ സ്ഥലത്തുനിന്ന് മീറ്ററുകള്‍മാത്രം അകലെയാണിത്. മഴ കനത്തതോടെയാണ് മണ്ണിടിച്ചില്‍ സാധ്യത പരിഗണിച്ച് ജമീലയെയും കുടുംബത്തെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home