അൻവറിനൊപ്പം ചേർന്ന് കോൺഗ്രസ് നേതാവും അണികളും


സ്വന്തം ലേഖകൻ
Published on Jun 21, 2025, 12:21 AM | 1 min read
എടക്കര
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിനൊപ്പംനിന്ന് കോൺഗ്രസ് നേതാവും അനുയായികളും. കോൺഗ്രസിന്റെ പ്രവാസി സംഘടനയുടെ ജില്ലാ ട്രഷററായിരുന്ന മൂത്തേടം കൽക്കുളം ഇട്ടേപ്പാടൻ ഉമ്മറും സംഘവുമാണ് അൻവറിനൊപ്പംനിന്നത്. ആദ്യഘട്ടത്തിൽ കോൺഗ്രസിനൊപ്പംനിന്ന ഉമ്മർ പി വി അൻവർ മത്സരിക്കാൻ തീരുമാനിച്ചതോടെ കളംമാറുകയായിരുന്നു. മൂത്തേടം പഞ്ചായത്തിൽനിന്ന് ആര്യാടൻ ഷൗക്കത്തിനെതിരായ വോട്ടുകൾ പിടിക്കാനാണ് പി വി അൻവർ ഇട്ടേപ്പാടൻ ഉമ്മറിനെ പിടിച്ചത്.
യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചശേഷം മൂത്തേടം പഞ്ചായത്തിൽ എത്തിയ ടി സിദ്ദീഖ് എംഎൽഎയ്ക്ക് താമസിക്കാൻ കോൺഗ്രസ് മണ്ഡലം നേതൃത്വം ഇട്ടേപ്പാടൻ ഉമ്മറിന്റെ വീട്ടിലായിരുന്നു സൗകര്യം ഒരുക്കിയത്. എന്നാൽ പി വി അൻവർ മത്സരിക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസ് നേതാവും അനുയായികളും അൻവറിനൊപ്പം ചേർന്നു. തുടർദിവസങ്ങളിൽ വീട് അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റി. അടുത്തടുത്ത ദിവസങ്ങളിലാണ് രണ്ടും സംഭവിച്ചത്.
ഇതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. പിന്തിരിപ്പിക്കാൻ പലതവണ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നേരിട്ടും ഫോണിലും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കോൺഗ്രസ് നേതാവ് അൻവറിനൊപ്പം ഉറച്ചുനിന്നു.
അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ പ്രവർത്തകർക്ക് ഭക്ഷണം, താമസം എന്നിവയെല്ലാം ഈ വീട്ടിലായിരുന്നു. പോളിങ് അവസാനിക്കുംവരെ മൂത്തേടം പഞ്ചായത്തിൽ അൻവറിന്റെ ഇലക്ഷൻ പ്രവർത്തനം നിയന്ത്രിച്ചത് ഇവിടെനിന്നായിരുന്നു.









0 comments