മിച്ചഭൂമി സമരത്തിന്റെ ഓർമയിൽ കെ സി കൃഷ്ണൻ
മായില്ല, വേലി പൊളിച്ച പോരാട്ട വീര്യം

കെ സി കൃഷ്ണൻ

ടി വി സുരേഷ്
Published on Sep 08, 2026, 12:00 AM | 1 min read
മഞ്ചേരി
എഴുപതുകളിൽ ഏറനാട് സമരച്ചൂടിലായിരുന്നു. തൊഴിലാളികളും കർഷക തൊഴിലാളികളും യുവജനങ്ങളും അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ കാലം. മിച്ചഭൂമിക്കായുള്ള പോരാട്ടം മലബാറിന്റെ സാമൂഹിക ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നു. ആ സമരചരിത്രത്തിന്റെ ജീവിക്കുന്ന ഓർമയാണ് കോവിലകംകുണ്ടിലെ കെ സി കൃഷ്ണൻ. 75ന്റെ നിറവിലും സമരഭൂമിയിലെ ഓർമകൾ മായാതെയുണ്ട് കൃഷ്ണന്റെ മനസ്സിൽ. കർഷക തൊഴിലാളികളുടെ നേതൃത്വത്തിൽ ഭൂസമരത്തിന് പടയൊരുങ്ങുന്നതറിഞ്ഞ് കൃഷ്ണൻ മംഗലശ്ശേരിയിലെ ചൂണ്ടേലിലെത്തി. കൃഷ്ണൻ അന്ന് യൂണിയന്റെ മഞ്ചേരി വില്ലേജ് പ്രതിനിധിയായാണ്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അതിക്രമിച്ചുകയറിയെന്ന കുറ്റത്തിന് 1978 ജനുവരി എട്ടിന് അറസ്റ്റിലായി കണ്ണൂർ സെൻട്രൽ ജയിലിലെത്തി. സമരക്കാരും സർക്കാരും തമ്മിലെ ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ 28 ദിവസത്തിനുശേഷമാണ് മോചിതനായത്.
വേലി പൊളിച്ച സമരം
സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടന്ന മിച്ചഭൂമി സമരം മലപ്പുറത്തും വലിയ ചലനമുണ്ടാക്കി. മഞ്ചേരി കോവിലകത്തിന്റെ മിച്ചഭൂമിയായി കണക്കാക്കിയ സ്ഥലത്ത് ജന്മിമാർ വേലികെട്ടി വിൽപ്പനയ്ക്ക് ഒരുക്കിയ ഭൂമിയിലേക്കായിരുന്നു സെയ്‌താലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മാർച്ച്. മുന്നിൽ കൃഷ്ണനുമുണ്ടായിരുന്നു. സമരക്കാർ വേലി പൊളിച്ച് ഭൂമിയിൽ അവകാശം സ്ഥാപിച്ചു. കോവിലകം അധികൃതരുടെ പരാതിയിൽ പൊലീസ് എത്തി സമരക്കാരെ പുറത്താക്കി. വിശാലമായ ഭൂമിയുടെ മറ്റിടങ്ങളിലേക്ക് സമരക്കാർ വീണ്ടും പ്രവേശിച്ചു.
1972മുതൽ നീണ്ടുനിന്ന സമരം ജന്മിക്ക് ഭൂമി മറിച്ചുവിൽക്കുന്നതിന് തടസ്സമായി. 1979ൽ സി എച്ച് മുഹമ്മദ് കോയ സർക്കാർ ഇഷ്ടദാന ബിൽ പാസാക്കിയതോടെ ജന്മിമാർക്ക് നിയമപരമായ പരിരക്ഷ ലഭിച്ചു. എന്നാൽ സമരം ഉയർത്തിയ ആവശ്യം അവിടെ അവസാനിച്ചില്ല. സമരനേതൃത്വം കോവിലകം അധികൃതരുമായി ചർച്ച നടത്തി. ഭൂരഹിതർക്ക് വിതരണംചെയ്യുന്നതിനായി രണ്ട് ഏക്കർ ഭൂമി പാർടിയുടെ ഉത്തരവാദിത്വത്തിൽ വിട്ടുനൽകി. ഭൂരഹിതരായ 27 പേർക്ക് ആറ് സെന്റ് വീതം ഭൂമി ലഭിച്ചു. 20 സെന്റ് പൊതു ആവശ്യത്തിനായും മാറ്റിവച്ചു. അങ്ങനെയാണ് മംഗലശ്ശേരി കോട്ടക്കുണ്ട് കോളനി രൂപംകൊണ്ടത്.
സിഐടിയു ജില്ലാ സമ്മേളനത്തിന് മഞ്ചേരി വേദിയാകുമ്പോൾ പഴയ പോരാളികളുടെ ഓർമകൾ പുതിയ കാലത്തിന്റെ പോരാട്ടങ്ങൾക്ക് കരുത്താകും. എത്താത്തവരിലേക്ക് എത്തിച്ചേരുക, പോരാടുക എന്ന മുദ്രാവാക്യവുമായി ചേരുന്ന സമ്മേളനം കൃഷ്ണനെപ്പോലുള്ളവരുടെ സമരജീവിതംകൂടി ഓർമപ്പെടുത്തുകയാണ്.









0 comments