ഇന്ത്യൻ റെയിൽവേയിലേക്ക് കൂട്ടായിയുടെ താരങ്ങൾ

വിനോദ് തലപ്പിള്ളി
Published on Sep 01, 2026, 12:00 AM | 1 min read
തിരൂർ
കൂട്ടായിയുടെ തീരത്ത് കാൽപ്പന്തുതട്ടി തെളിഞ്ഞ താരങ്ങൾ ഇനി ഇന്ത്യൻ റെയിൽവേയുടെ ജേഴ്‌സി അണിയും. കൂട്ടായി പള്ളിവിളപ്പ് കെ പി ഷംനാദും വയനാട് സ്വദേശി മുഹമ്മദ് സഫ്‌നാദിനുമാണ് തീരത്തിന് അഭിമാനമാകുന്നത്. കൂട്ടായി മൗലാന മുഹമ്മദ്കുട്ടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മൗലാന ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഇരുവരും പന്തുതട്ടി വളർന്നത്. ചെന്നൈയിൽ നടത്തിയ സെലക്ഷൻ ട്രയൽസിലെ മികച്ച പ്രകടനമാണ് ഇരുവർക്കും റെയിൽവേ ടീമിലേക്കും ദക്ഷിണ റെയിൽവേയിൽ ജോലിയിലേക്കും ടിക്കറ്റ് ഉറപ്പിച്ചത്.
അഖിലേന്ത്യാ അന്തർ സർവകലാശാലാ ചാമ്പ്യൻഷിപ്പിലും ഖേലോ ഇന്ത്യാ ഗെയിംസിലും തുടർച്ചയായി നാല് സീസണുകളിൽ കലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിന്റെ പ്രധാന സ്ട്രൈക്കറായിരുന്നു ഷംനാദ്. 2021ൽ കലിക്കറ്റിനുവേണ്ടി അഖിലേന്ത്യാ ഫുട്ബോൾ കിരീടം നേടി. 2023–-24ൽ കലിക്കറ്റ് യൂണിവേഴ്സിറ്റി ആദ്യമായി ഖേലോ ഇന്ത്യ നാഷണൽ കിരീടം ചൂടുമ്പോൾ ടീം ക്യാപ്റ്റനായിരുന്നു. കേരള സൂപ്പർ ലീഗിൽ തൃശൂർ മാജിക് എഫ്സി ഐഎസ്എല്ലിൽ ബാംഗ്ലൂർ എഫ്സി ടീമുകൾക്കായി ബൂട്ടുകെട്ടി. നിലവിൽ കലിക്കറ്റ് എഫ്സി താരമാണ്. 2024ൽ ദേശീയ സ്കൂൾ കിരീടം ചൂടിയ കേരള ടീം അംഗം കെ പി ഷഹനാദ്, കെ പി ഷിംസാദ് എന്നിവർ സഹോദരങ്ങളാണ്. കൂട്ടായി പള്ളിവിളപ്പ് കെ പി ഷാഫി, ബുഷ്റ ദമ്പതികളുടെ മകനാന്ന്.
2021ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ പ്രധാന പങ്കുവഹിച്ച താരമാണ് മുഹമ്മദ് സഫ്‌നാദ്. കലിക്കറ്റ് യൂണിവേഴ്സിറ്റി ടീം, തൃശൂർ മാജിക് എഫ്സി, കേരള യുണൈറ്റഡ് ടീമുകൾക്കായി പന്തുതട്ടി. വയനാട് മേപ്പാടി മണ്ടോട്ടിൽ വീട്ടിൽ നജുമുദ്ധീൻ– കദീജ ദമ്പതികളുടെ മകനാണ്. നാജിയ, ഫർഹാൻ എന്നിവരാണ് സഹോദരങ്ങൾ.










0 comments