"എട്ടുകാലി മമ്മൂഞ്ഞ് ' എന്ന് വിമർശം
എൽഡിഎഫ് നേട്ടങ്ങൾ തന്റേതാക്കി ലീഗ് എംഎൽഎ


സ്വന്തം ലേഖകൻ
Published on Sep 05, 2026, 12:00 AM | 2 min read
താനൂർ
എൽഡിഎഫ് സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ പ്രോഗ്രസ് റിപ്പോർട്ടായി കാണിച്ച് താനൂർ എംഎൽഎ പി കെ നവാസ്. മാറുന്ന താനൂർ വളരുന്ന നാട് വികസന കുതിപ്പിന്റെ 100 നാളുകൾ എന്ന തലക്കെട്ട് നൽകിയാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തു വിട്ടിട്ടുള്ളത്. ന്യൂനപക്ഷ വിദ്യാർഥികൾക്ക് മത്സരപരീക്ഷ പരിശീലനം നൽകാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ താനൂരിൽ പുതിയ കോച്ചിങ് സെന്റർ അനുവദിച്ചിരുന്നു. മാർച്ച് 15ന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ താനൂർ എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടന വേളയിൽ ഇക്കാര്യം മന്ത്രിയായിരുന്ന വി അബ്ദുറഹിമാൻ പ്രഖ്യാപിക്കുകയുംചെയ്‌തു. എന്നാൽ ഇത് പി കെ നവാസ് പ്രോഗ്രസ് റിപ്പോർട്ടിൽ തന്റെ വികസന നേട്ടമായി ഉയർത്തി കാണിച്ചു.
തയ്യാല -–വെന്നിയൂർ റോഡ്, തെയ്യാല– അത്താണിക്കൽ റോഡ്, തെയ്യാല– -പുത്തൻപള്ളി റോഡ് എന്നിവയ്ക്ക് 22 കോടിയുടെ അംഗീകാരം വാങ്ങി എന്നാണ് എംഎൽഎയുടെ അവകാശവാദം. കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിനായി പണം വാങ്ങിച്ചെടുത്തത് മന്ത്രിയായിരുന്ന വി അബ്ദുറഹ്മാനായിരുന്നു. ഇതും യുഡിഎഫ് എംഎൽഎയുടെ വികസന പദ്ധതികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. താനൂർ ഹാർബറിന് 19 കോടി രൂപയുടെ പദ്ധതി എൽഡിഎഫ് സർക്കാർ അംഗീകരിച്ചതായിരുന്നു. താനൂർ നഗരസഭയിലെ പാലക്കുറ്റിയാഴി തോട്, മുട്ടാഞ്ചേരി തോട് എന്നിവയുടെ നവീകരണത്തിന് ആവശ്യമായ തുക അനുവദിക്കുകയും ടെൻഡർ നടപടികളിലേക്ക് എത്തിച്ചതുമായിരുന്നു. താനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ഹെഡ്ക്വാട്ടർ ആശുപത്രിയായി ഉയർത്തിയതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കിടത്തി ചികിത്സ ആരംഭിക്കും. എന്നാൽ എംഎൽഎയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ സിഎച്ച്സിയിൽ കിടത്തി ചികിത്സ ആരംഭിക്കും എന്ന പ്രഖ്യാപനമാണ് നൽകിയിട്ടുള്ളത്. ഒരു സർക്കാറിന്റെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് അടുത്ത സർക്കാർ നടപ്പിലാക്കുക. എന്നിരുന്നാലും കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ മുഴുവൻ സ്വന്തം പദ്ധതികളായി നോട്ടീസ് അടിച്ചിറക്കിയിരിക്കുകയാണ് എംഎൽഎ ചെയ്തിട്ടുള്ളത്. ഇനി നല്ല താനൂർ എന്ന തലക്കെട്ടിലാണ് എംഎൽഎ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ പത്തുവർഷം താനൂർ മണ്ഡലത്തിൽ എംഎൽഎയും മന്ത്രിയുമായിരുന്ന വി അബ്ദുറഹിമാനും എൽഡിഎഫ് സർക്കാരും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് നല്ല താനൂരിലേക്ക് നയിച്ചതെന്ന് എംഎൽഎ തന്നെ പ്രോഗ്രസ് റിപ്പോർട്ടിലൂടെ അവതരിപ്പിക്കുന്നു.








0 comments