വെറ്ററിനറി സേവനം വീട്ടുപടിക്കല്‍
ജില്ലയില്‍ 4 മൊബൈല്‍ യൂണിറ്റുകൂടി

മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് പി നന്ദകുമാര്‍ എംഎല്‍എ നിര്‍വഹിക്കുന്നു
സ്വന്തം ലേഖകൻ
Published on May 11, 2025, 12:34 AM | 1 min read
മലപ്പുറം
ഇനി രാത്രികാലങ്ങളിൽ ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ലഭിക്കും. കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നാല് മൊബൈൽ വെറ്ററിനറി യൂണിറ്റുകൂടി അനുവദിച്ചു. വൈകിട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് ഈ ക്ലിനിക്കുകളുടെ സേവനം വീട്ടുപടിക്കൽ ലഭിക്കുക. കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കുമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് അനുവദിച്ച 47 മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ നാലെണ്ണമാണ് ജില്ലയ്ക്ക് ലഭിച്ചത്. പെരുമ്പടപ്പ്, മങ്കട, അരീക്കോട്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകൾക്കാണ് ഇവ അനുവദിച്ചത്. നിലമ്പൂർ, തിരൂർ ബ്ലോക്കുകളിൽ നേരത്തേ വാഹനങ്ങളുണ്ട്. ടോൾഫ്രീ നമ്പറായ 1962ൽ വിളിച്ചാണ് സേവനം ആവശ്യപ്പെടേണ്ടത്.
ഒരു ഡോക്ടറും ഒരു ഡ്രൈവർ കം അറ്റൻഡറും വണ്ടിയിലുണ്ടാവും. കന്നുകാലികൾക്ക് 450 രൂപയും നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് 900 രൂപയും ഫീസ് ഈടാക്കും. അത്യാവശ്യഘട്ടങ്ങളിൽ തൊട്ടടുത്ത ബ്ലോക്ക് പരിധിയിലും സേവനം ലഭിക്കും. ഇതുകൂടാതെ ഒരു മൊബൈൽ സർജറി യൂണിറ്റുകൂടി ജില്ലയിൽ ലഭിച്ചിട്ടുണ്ട്.
പുതുതായി ലഭിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഫ്ലാഗ്ഓഫ് പെരുമ്പടപ്പ് ബ്ലോക്കിൽ പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കെ സൗദാമിനി, പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സക്കറിയ സാദിഖ് മധുരക്കറിയൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. വി ടി അനിൽകുമാർ, സൊസൈറ്റി പ്രസിഡന്റ് മുരളീധരൻ എന്നിവർ സംസാരിച്ചു.









0 comments