സുസ്ഥിര ഉത്തരങ്ങൾ തേടി മലയാളി ശബ്‌ദം

ഇർഫാന തെസ്‌നി
താനൂർ
ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് സുസ്ഥിര ഉത്തരങ്ങൾ തേടുന്ന സസ്റ്റൈനത്തോണിൽ ഇനി മലയാളി ശബ്‌ദവും. ടാറ്റ കൺസൾട്ടൻസി സർവീസസ് സൗദിയിൽ സംഘടിപ്പിക്കുന്ന സസ്റ്റൈനത്തോണിൽ താനാളൂർ സ്വദേശിനി കെ ടി ഇർഫാന തെസ്‌നി പങ്കെടുക്കും. പാരിസ്ഥിതിക സുസ്ഥിരത (Sustainability), പുനരുപയോഗ ഊർജം, മാലിന്യസംസ്കരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ നൂതന ആശയങ്ങളും പ്രായോഗിക പരിഹാരങ്ങളും കണ്ടെത്താനാണ് സസ്റ്റൈനത്തോൺ സംഘടിപ്പിക്കുന്നത്.
എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രായോഗികവും പുതുമയുള്ളതുമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഒരു പ്രശ്നം തെരഞ്ഞെടുക്കുകയും അതിനെക്കുറിച്ച് പഠനം നടത്തി പ്രശ്നപരിഹാരത്തിനായി ഏറ്റവും നൂതനമായ ആശയം വികസിപ്പിക്കുകയും ചെയ്യുന്നു. റിയാദിലെ കിങ് സഊദ് യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് സ്റ്റുഡന്റ് റിസർച്ചറായ കെ ടി ഇർഫാന തെസ്‌നി തന്റെ പ്രോജക്ട് അവതരിപ്പിക്കാൻ ഈമാസം അവസാനത്തോടെ സൗദിയിലേക്ക് തിരിക്കും. പ്ലസ്ടു പഠനത്തിനുശേഷം ആന്ധ്രപ്രദേശിലെ തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപനത്തിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ ഇർഫാന തെസ്‌നി താനാളൂർ കരുവാൻതൊടി ഇസ്‌മായിൽ, ഖദീജ എന്നിവരുടെ മകളാണ്. പൊൻമുണ്ടം ഇട്ടിലാക്കൽ കൂളിയാട്ടിൽ റിസ്‌വാൻ അഹമദാണ് ഭർത്താവ്.










0 comments