ഉദ്ഘാടനം കഴിഞ്ഞിട്ട് 10 മാസം
എപ്പോൾ തുറക്കും ഷീ സ്റ്റേ ?

മലപ്പുറം നെച്ചികുറ്റിയിൽ അടഞ്ഞുകിടക്കുന്ന ഷീ സ്റ്റേ കെട്ടിടം
എ എം യാസര്‍
Published on Sep 07, 2026, 12:07 AM | 1 min read
മലപ്പുറം
ഉദ്ഘാടനം കഴിഞ്ഞ് പത്തുമാസം പിന്നിട്ടിട്ടും മലപ്പുറം നഗരസഭയുടെ ഷീ സ്റ്റേ അടഞ്ഞുകിടക്കുന്നു. നഗരത്തിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിനും വനിതാ ഹോസ്റ്റലായി ഉപയോഗിക്കുന്നതിനുമാണ് ഷീ സ്റ്റേ നിർമിച്ചത്.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട് ഉദ്ഘാടനം നടത്തിയെങ്കിലും വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ഒരുക്കിയിട്ടില്ലെന്നാണ് ആരോപണം.
കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ശിലാഫലകത്തിൽ പേര് ഉൾപ്പെടുത്തുന്നതിനായി തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
നഗരത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് താമസസൗകര്യം വലിയ പ്രശ്നമാണ്. വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും ജോലിക്കെത്തുന്ന വനിതകൾക്ക് സുരക്ഷിതവും കുറഞ്ഞ ചെലവിലുമുള്ള താമസസൗകര്യം ഒരുക്കാൻ ഷീ സ്റ്റേ പ്രയോജനപ്പെടുമായിരുന്നു. നഗരത്തിലെത്തുന്ന വനിതകൾക്കും വിദ്യാർഥിനികൾക്കും യാത്രക്കാർക്കും താൽക്കാലിക താമസത്തിനും ഇത് ഉപയോഗിക്കാനാകുമായിരുന്നു.
ഉദ്ഘാടനംമാത്രം; ഉപയോഗമില്ല
വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കെട്ടിടം എത്രയും വേഗം തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊതുപണം ചെലവഴിച്ച് നിർമിച്ച കെട്ടിടം ഉദ്ഘാടനംചെയ്ത് അടച്ചിടാനുള്ളതല്ലെന്നും ഉടൻ പ്രവർത്തിപ്പിക്കണമെന്നും ആവശ്യമുയരുന്നു.










0 comments