ദേശം തദ്ദേശം
പൊന്നിൻ തിളക്കം

വി സെയ്‌ദ്
Published on Oct 06, 2025, 01:26 AM | 2 min read
എടപ്പാൾ
പേര് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്. ആസ്ഥാനം സ്ഥിതിചെയ്യുന്നത് എടപ്പാളിൽ. തവനൂർ മണ്ഡലത്തിലെ എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്. റോഡ്, തോട് നിർമാണം മാത്രമല്ല, മനുഷ്യന്റെ സർവതോന്മുഖമായ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഭരണസമിതി നടപ്പക്കിയത്. ഇതിനുള്ള വലിയ തെളിവാണ് കമ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ. സംസ്ഥാനത്ത് ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ കൂടുതലുള്ള ജില്ലയാണ് മലപ്പുറമെന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു സെന്റർ ആരംഭിച്ചത്.
2023-– 24 സാമ്പത്തിക വർഷമാണ് നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ കമ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ എടപ്പാൾ സിഎച്ച്സിയിൽ ആരംഭിച്ചത്. ബ്ലോക്ക് പരിധിയിലെ 10 വയസ്സുവരെയുള്ള ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ആരംഭിച്ച സെന്ററിൽ ഇപ്പോൾ മറ്റു ജില്ലകളിൽനിന്നുപോലും കുട്ടികളുമായി ആളുകൾ എത്തുന്നു. സൈക്കോളജിസ്റ്റ്, സ്‌പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനമാണ് സെന്ററിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്. അഞ്ഞൂറിലധികം കുട്ടികൾക്കാണ് വിവിധങ്ങളായ സേവനങ്ങൾ നൽകുന്നത്.
നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഒതുങ്ങിപ്പോകുന്ന സ്ത്രീകളുടെ കഴിവുകൾ വീണ്ടെടുക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ‘പെണ്ണിടം വനിതാ സാംസ്കാരിക ഉത്സവം’. ഇതിന്റെ ഭാഗമായി സ്ത്രീപക്ഷ സംവാദങ്ങൾ, വനിതാ മുന്നേറ്റ ജാഥകൾ, സ്ത്രീ സുരക്ഷാ സെമിനാർ, വിളംബര ഘോഷയാത്രകൾ, ചിത്രകലാ ക്യാമ്പുകൾ, വനിതാ കായിക മത്സരങ്ങൾ, കലാ മത്സരങ്ങൾ, വനിതാ സംരംഭക സംഗമം, മെഹന്തി ഫെസ്റ്റ് തുടങ്ങിയവ നടത്തിവരുന്നു.
രചനയുടെ രസതന്ത്രം
നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ‘യുവത സംസാരിക്കുന്നു’ പേരിൽ ബ്ലോക്ക് പരിധിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവതീയുവാക്കളെ അണിനിരത്തി ‘യൂത്ത് പാർലമെന്റ്’ സംഘടിപ്പിച്ചുവരുന്നു. അതിൽനിന്ന് ഉയർന്നുവന്ന പുത്തൻ ആശയമാണ് ‘രചനയുടെ രസതന്ത്രം’ ക്യാമ്പ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും സാഹിത്യമേഖലയിൽ അഭിരുചിയുള്ള കുട്ടികളിൽനിന്ന് രചനകൾ സമാഹരിച്ച് അതിൽനിന്ന് മികച്ച രചനകൾ തെരഞ്ഞെടുക്കും. തെരഞ്ഞെടുത്ത കുട്ടികൾക്കായി രണ്ടുദിവസത്തെ ‘രചനയുടെ രസതന്ത്രം’ ക്യാമ്പ് സംഘടിപ്പിക്കും.
"പെണ്ണിടം' വനിതാ സാംസ്കാരികോത്സവത്തിൽനിന്ന്
വികസന നേട്ടങ്ങൾ
• കതിരിന് കരുതലായി: നെൽകൃഷി വികസന പദ്ധതികൾക്കായി നല്ലൊരു തുക ചെലവഴിച്ചു
• ക്ഷീരകർഷകർക്കായി വിവിധ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി
• വിദ്യാഭ്യാസം, എഴുത്ത്, നാടകം തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ പദ്ധതികൾ നടപ്പാക്കി
• കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് ‘ലഹരിമുക്ത വിദ്യാലയം’ പദ്ധതി നടപ്പാക്കി
• 2023– 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആർപ്പ് എന്ന പേരിൽ കുട്ടികളുടെ നാടകക്കളരി സംഘടിപ്പിച്ചു
• നാടകത്തിൽ അഭിനയം, സംവിധാനം, മേക്കപ്പ്, സംഗീതം മുതലായ മേഖലകളിൽ താൽപ്പര്യമുള്ള ബ്ലോക്ക് പരിധിയിലെ കുട്ടികളെ കണ്ടെത്തി ശിൽപ്പശാല സംഘടിപ്പിച്ചു
• 2023– 24 വർഷം ഹൈസ്കൂൾ വിദ്യാർഥികൾക്ക് അടിസ്ഥാന സിവിൽ സർവീസ് പരിശീലനം നടപ്പിലാക്കി
• ബ്ലോക്ക് പരിധിയിലെ ലൈബ്രറികളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫർണിച്ചർ, കംപ്യൂട്ടർ, പ്രിന്റർ മുതലായവ വാങ്ങിനൽകി.
• സർക്കാർ സ്കൂളുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി നാല് സ്കൂളുകളിൽ മോഡേൺ ഇന്ററാക്ടീവ് പാനലുക_ൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ 12 ലക്ഷം രൂപ ചെലവഴിച്ച് നൽകി
• അഞ്ചുവർഷംകൊണ്ട് ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ് ആയി 65 ലക്ഷം രൂപ കൈമാറി. ഭിന്നശേഷിക്കാർക്കായി ഡിഫറെന്റ് ഡ്രീംസ് എന്ന പേരിൽ ഉൽപ്പന്ന വിപണന കേന്ദ്രവും ആരംഭിച്ചു.
• പിഎംഎവൈ, ലൈഫ് പദ്ധതികൾക്കായി ഓരോ വർഷവും 1-2 കോടി രൂപ ചെലവഴിച്ചു.
• എസ്‌സി വനിതാ ഗ്രൂപ്പുകൾക്കും ജനറൽ വനിതാ ഗ്രൂപ്പുകൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സബ്സിഡി ഇനത്തിൽ 55 ലക്ഷം രൂപ ചെലവഴിച്ചു.
• എസ്‌സി കോളനികളിൽ വനിതകൾക്കായി സ്മാർട്ട് അടുക്കളക്കായി 10 ലക്ഷം രൂപ ചെലവഴിച്ചു.
• 2023– 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് പിഎസ്‌സി പരിശീലനം പദ്ധതി ആരംഭിച്ചു.
• പട്ടികജാതി വിഭാഗക്കാർക്ക് വിദേശത്ത് ജോലി ലഭ്യമാക്കുന്നതിനുള്ള ധനസഹായ പദ്ധതി
• എസ്‌സി വനിതാ ക്ഷീരകർഷകർക്ക് കറവ യന്ത്രം
• പട്ടികജാതി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ്










0 comments