പടപ്പാട്ടിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്ര ശേഷിപ്പ്
സംരക്ഷണമില്ലാതെ വള്ളുവമ്പ്രം വാഗൺ സ്‌മാരകം

വാഗൺ ട്രാജഡിയിലെ രക്തസാക്ഷികളുടെ സ്‌മരണയിൽ ട്രെയിൻ വാഗൺ മാതൃകയിലുള്ള വള്ളുവമ്പ്രത്തെ ബസ് കാത്തിരിപ്പുകേന്ദ്രം
ആർ ഹനീഷ്‌കുമാർ
Published on Aug 31, 2026, 12:00 AM | 1 min read
മലപ്പുറം
"മഞ്ചേരി നിന്നഞ്ചാറ് മൈല് ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാറാകുമാ നിരത്തില്
ചത്ത്പോയ ഹിച്ച്കോക്ക് സായിപ്പിന്റെ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്മാരകം...'
മലബാർ സമരത്തെ ചോരയിൽ മുക്കിയ, വാഗൺ കൂട്ടക്കൊലയ്‌ക്കടക്കം നേതൃത്വം നൽകിയ ബ്രിട്ടീഷ് പൊലീസ് സൂപ്രണ്ട് ആർ എച്ച് ഹിച്ച്കോക്കിന്റെ വള്ളുവമ്പ്രത്തെ സ്മാരകം പൊളിക്കണമെന്നാവശ്യപ്പെട്ട് 1944ൽ നടന്ന സമരജാഥയിലെ വരികളായിരുന്നു ഇത്. പാട്ട് രചിച്ച വിപ്ലവ കവിയും കമ്യൂണിസ്‌റ്റുമായ കമ്പളത്ത് ഗോവിന്ദൻ നായരും ജാഥയിൽ അംഗമായിരുന്നു. 1921-ലെ മലബാർ സമരം അടിച്ചമർത്താനും മലബാർ സ്പെഷ്യൽ പൊലീസ് രൂപീകരിക്കാനും നേതൃത്വം നൽകിയത് ഹിച്ച്കോക്കായിരുന്നു. 1926-ൽ സർവീസിൽനിന്ന് വിരമിച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങവെ കപ്പലിൽവച്ചാണ് ഹിച്ച്കോക്ക് മരിച്ചത്. 1927–ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മലബാർ പൊലീസും ഫണ്ട് പിരിച്ച് വള്ളുവമ്പ്രത്ത് ശിലാസ്തംഭ രൂപത്തിൽ ഹിച്ച്‌കോക്കിന് സ്മാരകം നിർമിച്ചു. നിർമാണസമയത്തുതന്നെ ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു.
"നമ്മളുടെ നെഞ്ചിലാണാ കല്ല് നാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്
രാജ്യസ്നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്
രക്ഷവേണമെങ്കിൽ മണ്ടിക്കാട്ടവർ ഇംഗ്ലണ്ടില്...' പടപ്പാട്ടിൽ ആവേശഭരിതരായ വന്ന സമരവളന്റിയർമാർ ഹിച്ച്‌ഹോക്കിന്റെ പ്രതിമ തകർക്കാനാണ് ഒരുങ്ങിയതെങ്കിലും കനത്ത പൊലീസ് പ്രതിരോധത്തിൽ ലക്ഷ്യം നടന്നില്ല.
എന്നാൽ പ്രതിഷേധം നിലച്ചില്ല. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും കമ്പളത്ത് ഗോവിന്ദൻ നായർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ സ്‌മാരകത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടന്നു. രണ്ടാം ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് സ്മാരകം പൊളിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. വാഗൺ ട്രാജഡിയിലെ രക്തസാക്ഷികളുടെ ഓർമയ്ക്കായി ട്രെയിൻ വാഗൺ മാതൃകയിലായിരുന്നു നിർമാണം. 1969 ജൂൺ 15ന് മന്ത്രിയായിരുന്ന ഇ കെ ഇന്പിച്ചിബാവ ഉദ്‌ഘാടനംചെയ്‌തു. നിരന്തരമായുള്ള റോഡ് വികസനത്തിനിടയിലും ഇൗ ചരിത്ര സ്‌മാരകം തലയുയർത്തിനിന്നു. എന്നാലിന്ന് കാലപ്പഴക്കത്തിൽ സുരക്ഷാഭീതിയിലാണ് ചരിത്ര സ്‌മാരകം. വള്ളുവന്പ്രത്ത് മലപ്പുറം, മഞ്ചേരി റോഡുകളുടെ നടുവിലുള്ള കേന്ദ്രം ആധുനിക രീതിയിൽ നവീകരിച്ച് മലബാർ സമര സ്‌മരണകളാൽ നിലനിർത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.










0 comments