മുഹമ്മദ് ഷിബിന് ഇരട്ടിമധുരം

സ്വന്തം ലേഖകന്‍.....
Published on Aug 16, 2026, 12:30 AM | 1 min read
മലപ്പുറം
ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണറിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ മെഡലും സ്വന്തമാക്കി മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ പി മുഹമ്മദ് ഷിബിന്‍. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിലെ മികവിന് കഴിഞ്ഞമാസമാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 2026ലെ അഗ്നിശമനസേവാ മെഡല്‍ പട്ടികയിലും ഉള്‍പ്പെടുകയായിരുന്നു.
2015ല്‍ സര്‍വീസില്‍ കയറിയ മുഹമ്മദ് ഷിബിന് ഗുഡ് സര്‍വീസ് എന്‍ട്രി ഉള്‍പ്പെടെ 32 അംഗീകാരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. കേരള സിവിൽ ഡിഫൻസ്, ആപ്ത മിത്ര വളന്റിയർമാരുടെ സംസ്ഥാനതല ഇൻസ്ട്രക്ടറാണ്. സ്കൂബ ഡൈവിങ്ങിലും മികവുതെളിയിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നു. 2025ൽ നാഷണൽ ഫയർ സർവീസ് സ്പോർട്സ് മീറ്റ് ബാഡ്മിന്റൺ സിങ്കിള്‍സില്‍ വെങ്കലം നേടിയിരുന്നു. അരിപ്ര ഗ്യാസ് ടാങ്കർ അപകടം, വട്ടപ്പാറ ഗ്യാസ് ടാങ്കർ അപകടം, 2018 പ്രളയം, കോട്ടക്കുന്ന് മണ്ണിടിച്ചിൽ, കവളപ്പാറ ഉരുൾപൊട്ടൽ, കരിപ്പൂർ വിമാനാപകടം, താനൂർ ബോട്ടപകടം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. മക്കരപ്പറമ്പ് പെരുമ്പള്ളി കാസിമിന്റെയും സലീനയുടെയും മകനാണ്. ഫാത്തിമ റിസാനയാണ് ഭാര്യ. ഫെല്ല ഷിബിൻ, ഹെൻസ ഷിബിൻ എന്നിവര്‍ മക്കളാണ്.









0 comments