ad
Deshabhimani

കർഷക സംഘം 
ജില്ലാ സമ്മേളനത്തിന് സമാപനം

ഊരകം മലയുടെ സംരക്ഷണം ഉറപ്പുവരുത്തണം

s

കർഷക സംഘം ജില്ലാ സമ്മേളന ഭാഗമായി വേങ്ങരയിൽ നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Aug 13, 2026, 12:44 AM | 2 min read

വേങ്ങര

ജില്ലയുടെ പാരിസ്ഥിതിക, കാർഷിക സന്തുലനത്തിന് അത്യന്താപേക്ഷിതമായ ഊരകം മലയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേരള കർഷക സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം, കൊണ്ടോട്ടി നഗരസഭകളിലെയും വേങ്ങര, ഊരകം, കണ്ണമംഗലം, മൊറയൂർ പഞ്ചായത്തുകളിലെയും ജനങ്ങളുടെ പ്രകൃതിദത്ത ജലസംഭരണിയായ ഊരകം മല നാശത്തിന്റെ വക്കിലാണ്‌. വൻതോതിലുള്ള മലതുരക്കൽ പ്രദേശത്ത് കടുത്ത ഉരുൾപൊട്ടൽ ഭീഷണിയും കുടിവെള്ളക്ഷാമവും സൃഷ്ടിക്കുന്നു. അനിയന്ത്രിതമായ ക്വാറി പ്രവർത്തനങ്ങളും മണ്ണെടുപ്പും വനമേഖലയുടെ തകർച്ചക്ക്‌ കാരണമാകും. മലയിൽനിന്ന് ഒഴുകി കടലുണ്ടിപ്പുഴയിൽ ചേരുന്ന വേങ്ങര തോട്‌ അടിയന്തരമായി പുനരുജ്ജീവിപ്പിക്കണം. തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും ആഴവും വീതിയും കുറയുകയും ചെയ്തത് സമീപ പ്രദേശങ്ങളിലെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ​

ഊരകം മലയിലെ അനധികൃത ക്വാറി-മണ്ണെടുപ്പ് പ്രവർത്തനങ്ങൾ പൂർണമായും തടയുകയും പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുകയും വേണം. കൃഷിയിടങ്ങളിലേക്ക് ജലസേചനം തടസ്സമില്ലാതെ എത്തിക്കാനുള്ള തടയണകളും കനാലുകളും നവീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളന സമാപന ദിനത്തിൽ വേങ്ങരയിൽ ഉജ്ജ്വല പ്രകടനം നടന്നു. കുറ്റാളൂർ സബാഹ് സ്‌ക്വയറിൽ ആരംഭിച്ച പ്രകടനം പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പോസ്‌റ്റ്‌ ഓഫീസിനുസമീപം) സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി എം ഷ‍ൗക്കത്ത്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്‌ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, സംഘാടക സമിതി കൺവീനർ കെ ടി അലിക്കുട്ടി എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സബാഹ്‌ കുണ്ടുപുഴക്കൽ സ്വാഗതവും കെ സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.

രാവിലെ കെ വി രാമകൃഷ്ണ നഗറിൽ (എപിഎച്ച് ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനത്തിൽ റിപ്പോർട്ടിൻമേലുള്ള പൊതുചർച്ച തുടർന്നു. പ്രവർത്തന റിപ്പോർട്ടിൽ വി എം ഷൗക്കത്തും സംഘടനാ റിപ്പോർട്ടിൽ സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കലും മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്തീൻ എന്നിവർ സംസാരിച്ചു. മോഹനൻ പുളിക്കൽ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി ജ്യോതിഭാസ്‌ സ്വാഗതവും പി സൈഫുദീൻ നന്ദിയും പറഞ്ഞു.​



ലീഗ് ആർഎസ്‌എസിന്‌ വളരാൻ വഴിവെട്ടുന്നു:
എ വിജയരാഘവൻ


sകേരള കർഷക സംഘം ജില്ലാ സമ്മേളന ഭാഗമായി വേങ്ങരയിൽ നടന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു


ആർഎസ്‌എസിന്‌ വളരാൻ വഴിവെട്ടിയ പാർടിയായി മുസ്ലിംലീഗിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. വി ഡി സതീശനൊപ്പംനിന്ന്‌ ലീഗും കേരളത്തെ ആർഎസ്‌എസിന്റെ കൈയിലെത്തിക്കാൻ ഗൂഢാലോചന നടത്തുകയാണ്‌. ഇതിനായി കേരളത്തിന്റെ സകല നേട്ടങ്ങളെയും യുഡിഎഫ്‌ സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ വേങ്ങരയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫ്‌ തോറ്റതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് മുസ്ലിംലീഗാണ്‌. മന്ത്രിമാരടങ്ങുന്ന നേതൃത്വം ഇപ്പോൾ വന്ദേമാതരം മുഴുവൻ ചൊല്ലാൻ പഠിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മുന്നിൽനിന്നത് പിണറായി സർക്കാരായിരുന്നു. വലതുപക്ഷം ശക്തിപ്പെടുന്നിടത്ത് ന്യൂനപക്ഷം ഇല്ലാതാവും. അധികാരമേറ്റ്‌ മൂന്നുമാസത്തിനകം യുഡിഎഫ്‌ സർക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെട്ടു. നാട്‌ മുഴുവൻ പ്രളയഭീതിയിൽ നിൽക്കുന്പോൾ മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നുസൽക്കാരത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ വഴികാട്ടി എംഡിഎംഎ കച്ചവടക്കാരനായതും നാം കണ്ടു.

സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ലീഗുകാർ ആഹ്ലാദ പ്രകടനം നടത്തി. എന്നാൽ അമേരിക്ക കൂടുതൽ ബോംബ് വർഷിച്ചത് ഇറാക്ക്, അഫ്ഗാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ്. വഖഫ്‌ സ്വത്തുക്കൾ കൈകാര്യംചെയ്യേണ്ടത്‌ മുസ്ലിം മത വിശ്വാസികളാണ്‌. ബോർഡ്‌ പിരിച്ചുവിട്ട്‌ മോദി സർക്കാരിന്റെ നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ്‌ യുഡിഎഫ്‌. മോദിയുടെ നയങ്ങളിൽ ഒന്നുപോലും ചെറുക്കാൻ ഇവർക്കാകുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.



a




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home