ചരിത്രപാതയില്‍

a

എൽഡിഎഫ് ചന്തക്കുന്നിൽ സംഘടിപ്പിച്ച മഹാകുടുംബ സദസ്സില്‍ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സ്ഥാനാർഥി എം സ്വരാജിനെ സ്വീകരിക്കുന്നു ഫോട്ടോ/ മിഥുന്‍ അനില മിത്രന്‍

avatar
റഷീദ്‌ ആനപ്പുറം

Published on Jun 17, 2025, 12:48 AM | 1 min read

നിലമ്പൂർ

മഴയത്തും ചന്തക്കുന്നിൽ ജനനേതാവ്‌ എം എ ബേബിയുടെ വരവിനായി ഒരു ജനത കാത്തിരുന്നു. പോരാട്ടവും കലയും സംഗീതവും മയങ്ങുന്ന ഹൃദയങ്ങളിലേക്ക്‌ നാടൻപാട്ടും മാപ്പിളപ്പാട്ടും പെയ്‌തിറങ്ങി. ‘നാട്ടാരിൻ ഓമനയായ്‌ നാടിൻ ഓമനയായ്‌ പ്രിയ സാരഥി എം സ്വരാജ്‌...’ ഫിറോസ്‌ ബാബുവും കൂട്ടരും പാടുമ്പോൾ സദസ്സും ഏറ്റുപാടി. അതിനിടെ ആൾക്കൂട്ടത്തെ അഭിവാദ്യംചെയ്‌ത്‌ എം എ ബേബി. സംഗീതപ്രേമികൂടിയായ സിപിഐ എമ്മിന്റെ സാരഥി സദസ്സിനൊപ്പം ഇരുന്ന്‌ അൽപ്പനേരം പാട്ടുകേട്ടു. തുടർന്ന്‌ വേദിയിലേക്ക്‌.

മഴയുടെ പെരുമ്പറയ്‌ക്കും തങ്ങളുടെ വാക്കുകൾക്കും സാമ്യമുണ്ടെന്ന്‌ മുഖവുരയോടെ ബേബിയുടെ പ്രസംഗം. ഇ കെ അയമുവിന്റെ ‘ജ്ജ്‌ നല്ലൊരു മന്‌സനാകാൻ നോക്ക്‌’ നാടകത്തെ ഓർമിപ്പിച്ച്‌ നല്ല മനുഷ്യരെ സൃഷ്‌ടിക്കുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെയും പ്രവാചകന്റെയും വാക്യങ്ങൾ ഉദ്ധരിച്ച്‌ മനുഷ്യസ്‌നേഹത്തിന്റെ സൗന്ദര്യം എടുത്തുകാട്ടി. പൊന്നാനിയിലെ ബീഡി തൊഴിലാളികൾ സമരത്തിൽ വിളിച്ച ‘വിയർപ്പുകൾ വറ്റുംമുമ്പേ കൂലി കൊടുക്കണമെന്ന്‌ അരുൾ ചെയ്‌തോൻ... കൊല്ലാ കൊലയെ എതിർക്കുന്നോൻ നബി... സ്വല്ലല്ലാഹു അലൈവ സല്ലം’ എന്ന മുദ്രാവാക്യം ഓർമിപ്പിച്ചു. സാഹിത്യവും ചരിത്രവും രാഷ്‌ട്രീയവും പ്രസംഗമായി ഒഴുകുന്നതിനിടെ സ്ഥാനാർഥി സ്വരാജെത്തി. അടുത്ത കേന്ദ്രമായ ചുങ്കത്തറയിലും മതനിരപേക്ഷതയിൽ ഊന്നിയ പ്രസംഗം.

ചന്തക്കുന്നിൽ മാട്ടുമ്മൽ സലിം അധ്യക്ഷനായി. കെ പി അനിൽകുമാർ, സി കെ അബ്‌ദുൽ അസീസ്‌, ബഷീർ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ടി പി യൂസഫ് സ്വാഗതം പറഞ്ഞു.

ചുങ്കത്തറയിൽ അർഷാദ്‌ അധ്യക്ഷനായി. സി എസ്‌ സുജാത, ജോൺ ബ്രിട്ടാസ്‌ എംപി, കെ പ്രസാദ്‌, കെ ബാബു എംഎൽഎ, കെ എസ്‌ ഹംസ എന്നിവർ സംസാരിച്ചു. കെ ബി ബിനീഷ്‌ സ്വാഗതം പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home